ലണ്ടൻ: ഡമസ്കസിൽ എംബസി കെട്ടിടം ആക്രമിച്ചതിന് ഇസ്രായേലിൽ ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാൻ പകരം വീട്ടിയതിനു പിറകെ പശ്ചിമേഷ്യക്കു മേൽ ഉരുണ്ടുകൂടിയ യുദ്ധമേഖങ്ങൾ ഒഴിവാക്കാൻ വൻശക്തികൾ. ഗസ്സയിലെ വംശഹത്യക്കെതിരായ ആഗോള സമ്മർദം ശക്തമായി നിലനിൽക്കുന്ന ഘട്ടത്തിൽ ആക്രമണം ഇറാനെതിരെയാകുമ്പോൾ യു.എസും ബ്രിട്ടനുമടക്കം നേരിട്ട് പങ്കാളിയാകുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ. ഇത് കണക്കിലെടുത്ത് ഉടൻ തിരിച്ചടിക്കുന്നത് ആലോചിക്കാൻ പലവട്ടം ഇസ്രായേൽ യുദ്ധ മന്ത്രിസഭ യോഗം ചേർന്നു.
എന്നാൽ, ഗസ്സയിൽനിന്ന് ഇറാനിലേക്ക് യുദ്ധം വ്യാപിക്കുമ്പോൾ കാര്യങ്ങൾ കൈവിടുമെന്ന് വൻശക്തി രാജ്യങ്ങൾ ഭയക്കുന്നു. ആക്രമണത്തിന് കൂടെയുണ്ടാകില്ലെന്ന് വ്യക്തമാക്കിയ യു.എസ് ഇസ്രായേലിനു മേൽ സമ്മർദവുമായി രംഗത്തുണ്ട്. ഇസ്രായേലിനൊപ്പം യു.എസും ബ്രിട്ടനും ഫ്രാൻസുമടക്കം ചേർന്നായിരുന്നു ഇറാനിൽനിന്നുള്ള 300ഓളം ഡ്രോണുകളും മിസൈലുകളും നിർവീര്യമാക്കിയത്. ഒന്നെങ്കിലും ജനവാസ കേന്ദ്രത്തിൽ വീണ് കൂടുതൽ പേർ മരിച്ചാൽ സ്ഥിതി ഗുരുതരമാകുമായിരുന്നു.
ബ്രസൽസിൽ യോഗം ചേർന്ന് യൂറോപ്യൻ യൂനിയൻ വിദേശകാര്യ കൗൺസിൽ സംഘർഷം ലഘൂകരിക്കാൻ വേണ്ടതു ചെയ്യാൻ തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം യു.എസ് വിദേശകാര്യ സെക്രട്ടറി ലോയ്ഡ് ജോർജ് ഇസ്രായേലിൽ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റിനെ കണ്ട് കൂടുതൽ തിരിച്ചടിയില്ലാതെ രംഗം തണുപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഏതുതരം തിരിച്ചടിയും അതിഗുരുതര പ്രത്യാഘാതം വിളിച്ചുവരുത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ജപ്പാൻ വിദേശകാര്യ മന്ത്രി യോകോ കാമികാവ, ചൈനീസ് മന്ത്രി വാങ് യി എന്നിവർ ഇറാൻ മന്ത്രിയെ വിളിച്ച് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടു.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ കുരുതി തുടരുകയാണ്. 24 മണിക്കൂറിനിടെ 46 പേർ കൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 33,843 ആയി. പരിക്കേറ്റവർ 76,575ഉം. വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാർ നടത്തിയ വെടിവെപ്പിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
വാഷിങ്ടൺ: കഴിഞ്ഞ ദിവസം യു.എസിലെ വിവിധ നഗരങ്ങളിൽ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുമായി റോഡുകൾ ഉപരോധിച്ച് പ്രതിഷേധം. ഗസ്സയിൽ വെടിനിർത്തലിന് രാജ്യാന്തര സമ്മർദം ശക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തിയ സമരത്തിലാണ് പ്രധാന നഗരങ്ങളിൽ മണിക്കൂറുകളോളം സുപ്രധാന നിരത്തുകൾ നിശ്ചലമായത്. യു.എസിൽ കാലിഫോർണിയ, ഷികാഗോ, സാൻ അന്റോണിയോ, ഫിലഡെൽഫിയ, മിഡിൽടൗൺ തുടങ്ങിയ നഗരങ്ങളിൽ വൻ പ്രതിഷേധങ്ങൾ നടന്നപ്പോൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ബെൽഫാസ്റ്റ്, സിഡ്നി, ബാഴ്സലോണ എന്നിവിടങ്ങളിലും വെടിനിർത്തൽ ആവശ്യപ്പെട്ട് ജനം നിരത്തുകളിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.