അവർ മടങ്ങിയെത്തി, ശൂന്യതകളിലേക്ക്...

ഗസ്സ സിറ്റി: പിറന്ന മണ്ണും വീടും വിട്ടെറിഞ്ഞുപോകണമെന്ന തിട്ടൂരം കേട്ട് ഓടിപ്പോകേണ്ടിവന്നവർ തിരികെയെത്തിയപ്പോൾ അവരെ വരവേറ്റത് ഹൃദയഭേദക കാഴ്ചകൾ. ചാരമാക്കപ്പെട്ട വീടുകളും ശൂന്യമായിപ്പോയ അയൽപക്കങ്ങളുമായി തങ്ങളുടേതെന്ന് പറയാൻ ഒന്നും ബാക്കിയില്ലാതെയായിരുന്നു അവർക്ക് മടക്കം. നാലുനാൾ വെടിനിർത്തൽ പ്രാബല്യത്തിലായെന്നറിഞ്ഞയുടനായിരുന്നു അഭയാർഥികളിൽ പലരും തിടുക്കപ്പെട്ട് തങ്ങളുടെ ഉറ്റവരെ തിരഞ്ഞ് വാഹനമേറിയും കഴുതപ്പുറത്തും കൂട്ടമായി പുറപ്പെട്ടത്. നിരത്തുകൾ നിറയെ മടങ്ങിപ്പോക്കിന്റെ ആരവങ്ങളിലമർന്നത് പഴയ ഓർമകൾ നൽകി.

എന്നാൽ, ‘ഇവിടത്തെ കാഴ്ചകളത്രയും വേദനിപ്പിക്കുന്നത്. എല്ലാം അവർ തകർത്തുകളഞ്ഞിരിക്കുന്നു. ശരിക്കും വംശഹത്യ. നുസൈറത്ത് സുരക്ഷിതമായ ഇടമായിരുന്നു. ഇവിടം തകർന്നുകിടക്കുന്ന കാഴ്ചകൾ മാത്രം ബാക്കി. മൃതദേഹങ്ങൾ അനാഥമായി ചിതറിക്കിടക്കുന്നു. എല്ലായിടത്തും കൊലപാതകക്കാഴ്ചകൾ’- നുസൈറത്ത് അഭയാർഥി ക്യാമ്പിൽ താമസിച്ചുവന്ന ഒരു ഫലസ്തീനിയുടെ വാക്കുകൾ ഇങ്ങനെ.

ഗസ്സയിൽ വീടുകളിലേറെയും പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ട നിലയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഉറ്റവർ വല്ലവരും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ വന്നവരുമുണ്ട്. ഉഗ്ര പ്രഹരശേഷിയുള്ള ബോംബുകൾ എല്ലാം തകർത്തെത്തിയപ്പോൾ മറ്റൊന്നും നോക്കാനാകാതെ അഭയാർഥിയാകേണ്ടിവന്നവരാണ് ഏറെ പേരും. ‘സന്തോഷവും ദുഃഖവും എവിടെയാകുമെന്നറിയില്ല. ഞങ്ങൾ വീടുകൾ തകർക്കപ്പെട്ടവരാണ്. ഹൃദയം നുറുങ്ങിയവരാണ്. എല്ലാം തകർന്നുകിടക്കുന്ന ഗസ്സയിൽ ഇനിയെന്ന് ജീവിതം പതിവു നിലയിലാകുമെന്നറിയില്ല’- ഒരു ഫലസ്തീനിയുടെ വാക്കുകൾ. നിലക്കാത്ത വെടിയൊച്ചകളിൽ മറ്റെല്ലാറ്റിനുമൊപ്പം ഊണും ഉറക്കവും നഷ്ടമായവർക്ക് ഈ നാലുനാൾ ഇടവേളയിൽ ഒരുപോള കണ്ണടക്കാനും വയറുനിറച്ച് ഒരുനേരം ഉണ്ണാനും അവസരമാകുമെന്ന പ്രതീക്ഷ കൂടിയാണ്.

ആറാഴ്ച പിന്നിട്ട സമാനതകളില്ലാത്ത ഇസ്രായേൽ ആക്രമണങ്ങളിൽ 17 ലക്ഷത്തോളം പേരാണ് അഭയാർഥികളാകേണ്ടിവന്നത്. 11 ലക്ഷം പേരും വടക്കൻ ഗസ്സയിലെ മഹാഭൂരിപക്ഷവും തെക്കൻ മേഖലയിലേക്ക് നാടുവിടേണ്ടിവന്നു. ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിയടക്കം സമ്പൂർണമായി ഒഴിപ്പിക്കലും പിന്നാലെ നടന്നു. യു.എൻ സ്കൂളുകളിലും ആശുപത്രികളിലും മറ്റുമാണ് ഇവരിലേറെ പേരും താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ വെടിനിർത്തൽ നിലവിൽവന്നതിന് പിറകെ ഒന്നും അവശേഷിച്ചിട്ടില്ലെന്ന് അറിഞ്ഞിട്ടും അവർ പുറപ്പെടുകയായിരുന്നു.

ഗസ്സയിൽ 278,000 വീടുകൾ തകർക്കപ്പെട്ടപ്പോൾ 311 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 167 ആരാധനാലയങ്ങൾ എന്നിവയും ഇസ്രായേൽ ബോംബിങ്ങിൽ തകർന്നു. വടക്കൻ ഗസ്സയിൽ 24 ആശുപത്രികളിൽ 22ഉം പൂർണമായോ ഭാഗികമായോ പ്രവർത്തനരഹിതമാണ്. തെക്ക് 11 ആശുപത്രികളിൽ മൂന്നെണ്ണവും പ്രവർത്തിക്കുന്നില്ല. ഏറ്റവും കൂടുതൽ ആക്രമണം നേരിട്ടവയിൽ ആംബുലൻസുകളുമുണ്ട്. 87 എണ്ണമാണ് തകർക്കപ്പെട്ടത്. ബേക്കറികൾ ഒന്നുപോലും പ്രവർത്തിക്കുന്നില്ല. ഇന്ധനം, ജലം, ഗോതമ്പുപൊടി എന്നിവയെല്ലാം മുടക്കിയതോടെയാണ് ഭക്ഷണം തയാറാക്കുന്ന കേന്ദ്രങ്ങൾ പൂർണമായി അടച്ചുപൂട്ടേണ്ടിവന്നത്.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ സായുധ നീക്കത്തിൽ ഇസ്രായേലിൽ 1200 പേരും കൊല്ലപ്പെട്ടു.

വെടിനിർത്തലിലും വിലക്കപ്പെട്ട മണ്ണായി വടക്കൻ ഗസ്സ; മടങ്ങിയവർക്ക് നേരെ വെടിവെപ്പിൽ ഒരു മരണം

ഗസ്സ സിറ്റി: ഇസ്രായേൽ ഭീഷണിയെ തുടർന്ന് നാടുവിടേണ്ടിവന്ന വടക്കൻ ഗസ്സയിലെ ലക്ഷങ്ങൾക്ക് വെടിനിർത്തലിലും നാട്ടിലേക്ക് മടങ്ങൽ ജീവൻ അപകടത്തിലാക്കുന്ന സാഹസം. തെക്കൻ ഗസ്സയിലെത്തിയവർ തിരികെ വരരുതെന്നും അത്യപകടകരമാണെന്നും മുന്നറിയിപ്പ് നൽകിയ ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച ജന്മനാടുകളിലേക്ക് തിരിച്ചവർക്കു നേരെ വെടിവെപ്പ് നടത്തി. ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. വാദി ഗസ്സ ഭാഗത്താണ് കുടുംബസമേതം മടങ്ങിയവർക്കു നേരെ ഇസ്രായേൽ സൈന്യം വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തെത്തിയതോടെയാണ് ആദ്യ വെടിനിർത്തൽ ലംഘനം ലോകമറിഞ്ഞത്. ഈ സംഭവത്തിനിടെയും ജീവൻ അവഗണിച്ച് നിരവധി പേർ വടക്കൻ ഗസ്സ ലക്ഷ്യമിട്ട് മടങ്ങുന്നത് തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താൽക്കാലിക അഭയകേന്ദ്രങ്ങളിൽ ഭക്ഷണവും വെള്ളവും മറ്റു അവശ്യസേവനങ്ങളും നിഷേധിക്കപ്പെട്ട് കഴിഞ്ഞവരാണ് ഖാൻ യൂനുസ് ഉൾപ്പെടെ പട്ടണങ്ങളിൽനിന്ന് മടക്കം ആരംഭിച്ചത്. നൂറുകണക്കിന് കുടുംബങ്ങൾ ഇങ്ങനെ മടക്കം ആരംഭിച്ചതായാണ് സൂചന. പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലും മറ്റും വസ്തുവകകൾ നിറച്ച് കഴുതപ്പുറത്തേറിയും നടന്നുമാണ് ഇവരുടെ യാത്ര. നാലു ദിവസത്തെ വെടിനിർത്തൽ ദീർഘമായി നീളുമെന്നും ഇനിയൊരു ബോംബുവർഷം ഉണ്ടാകില്ലെന്നുമാണ് അവരുടെ പ്രതീക്ഷ.

വടക്കൻ ഗസ്സ ഇപ്പോഴും യുദ്ധഭൂമിയാണെന്നും അതിനാൽ കരാറിൽ അവിടേക്ക് മടക്കം അംഗീകരിക്കില്ലെന്നും ഇസ്രായേൽ സൈന്യം പറയുന്നു.

Tags:    
News Summary - They returned, to the voids…

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.