'ഇത് പാകിസ്താനാണ്, ഇന്ത്യയല്ല'; അഭിപ്രാ‍യ സ്വാതന്ത്ര്യത്തിന് തടയിടാനാകില്ലെന്ന് ഇസ്​ലാമാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ്

ഇസ്​ലാമാബാദ്: പ്രതിഷേധക്കാർക്ക് മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ വാദം കേൾക്കുന്നതിനിടെ ഇന്ത്യയിലെ സാചര്യത്തെ പരാമർശിച്ച് ഇസ്​ലാമാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് അതർ മിനല്ല. പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, ഇത് ഇന്ത്യയല്ല, പാകിസ്താനാണെന്നും പറഞ്ഞു.

പാകിസ്താന്‍ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 പേരെ അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാമർശം. പാക് സര്‍ക്കാര്‍ പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശം ലംഘിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.

പാഷ്ടൂണ്‍ തവാഫുസ് മൂവ്‌മെന്‍റ് അധ്യക്ഷനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മന്‍സൂര്‍ പാഷ്ടീന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അവാമി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും, പാഷ്ടൂണ്‍ തവാഫുസ് മൂവ്‌മെന്‍റിന്റെയും 23 പ്രവര്‍ത്തകർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തീവ്രവാദ നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കേസില്‍ വാദം കേള്‍ക്കവെ പാക് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം പിന്‍വലിച്ചുവെന്ന് പാക് ഡെപ്യൂട്ടി കമ്മീഷണര്‍ കോടതിയില്‍ അറിയിച്ചു.

പ്രതിഷേധിക്കാൻ ആഗ്രഹമുള്ളവർക്ക് പൊലീസിന്‍റെ അനുമതി തേടാമെന്ന് ചീഫ് ജസ്റ്റിസ് അതർ മിനല്ല പറഞ്ഞു. പൊലീസ് അനുമതി നൽകുന്നില്ലെങ്കിൽ ഇവിടെ കോടതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാർ വിമർശനങ്ങളെ ഭയക്കരുതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - 'This is Pakistan, Not India', Says Islamabad HC Chief Justice, Opposing Curbs on Free Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.