വാഷിങ്ടൺ: രാജ്യത്ത് തോക്ക് അക്രമം തടയാൻ നിയമനിർമാണം നടത്താൻ കോൺഗ്രസിനോട് ആഹ്വാനം ചെയ്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. 2022ൽ ഇതുവരെ യു.എസിൽ കുറഞ്ഞത് 233 കൂട്ട വെടിവെപ്പുണ്ടായതായാണ് കണക്ക്. നമുക്ക് നഷ്ടപ്പെട്ടതും സംരക്ഷിക്കാനുമുള്ള കുട്ടികൾക്കായും സ്നേഹിക്കുന്ന രാജ്യത്തിന് വേണ്ടിയും പ്രവർത്തിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം വൈറ്റ് ഹൗസിൽനിന്ന് ദേശീയ ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്ത പ്രസംഗത്തിൽ പറഞ്ഞു.
കഴിഞ്ഞ മൂന്നാഴ്ചക്കിടെ രാജ്യത്തുടനീളം നടന്ന കൂട്ട വെടിവെപ്പുകളുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ആയുധങ്ങൾ നിരോധിക്കാനും പശ്ചാത്തല പരിശോധനകൾ വിപുലീകരിക്കുന്നതിനും മറ്റ് തോക്ക് നിയന്ത്രണ നടപടികൾ നടപ്പാക്കാനും നിയമനിർമാണം നടത്താനായിരുന്നു അഭ്യർഥന.
യു.എസിലെ നിരവധി സ്ഥലങ്ങൾ 'കൊലക്കളങ്ങളായി' മാറിയെന്ന് 'മതി' എന്ന പ്രഖ്യാപനത്തോടെ ബൈഡൻ പറഞ്ഞു. രാജ്യത്തെ എല്ലാവരെയും സുരക്ഷിതമാക്കുന്ന നിയമനിർമാണ ഭേദഗതിയെ പിന്തുണക്കാൻ സെനറ്റിലെ റിപ്പബ്ലിക്കന്മാരോട് അഭ്യർഥിച്ചു. ഈ വർഷാവസാനം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ സൂചിപ്പിച്ച്, തോക്ക് നിയന്ത്രണം 'സാമാന്യബുദ്ധിയുടെ' കാര്യമാണെന്നും തോക്ക് വക്താക്കൾ നിയന്ത്രണത്തിനെതിരെ ഉപയോഗിക്കുന്ന രണ്ടാം ഭേദഗതി അന്തിമമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബൈഡന്റെ പ്രസംഗത്തിന് പിറകെ യു.എസ് സംസ്ഥാനമായ അയോവയിൽ ചർച്ചിൽ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളെ വെടിവെച്ചുകൊന്നശേഷം അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. വ്യാഴാഴ്ച അമേസ് നഗരത്തിന് കിഴക്കുള്ള കോർണർ സ്റ്റോൺ ചർച്ചിൽ പരിപാടി നടക്കുന്നതിനിടെയാണ് പാർക്കിങ് സ്ഥലത്ത് വെടിവെപ്പ് നടന്നത്. ആക്രമണത്തിന്റെ കാരണവും അക്രമിക്ക് കൊല്ലപ്പെട്ടവരുമായുള്ള ബന്ധവും വ്യക്തമായിട്ടില്ല.ആക്രമണം ഒറ്റപ്പെട്ട സംഭവമായി കാണുന്നതായി സ്റ്റോറി കൗണ്ടിയിലെ ഉദ്യോഗസ്ഥനായ നിക്കോളാസ് ലെന്നി പറഞ്ഞു.
മേയിൽ ടെക്‌സസിലെ ഉവാൾഡിലെ പ്രൈമറി സ്‌കൂളിൽ നടന്ന കൂട്ട വെടിവെപ്പിൽ രണ്ട് അധ്യാപകരും 19 കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ന്യൂയോർക്കിലെ ബഫലോയിലെ പലചരക്ക് കടയിൽ വംശീയ ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. ഇതാണ് തോക്ക് അക്രമത്തിനെതിരെ ഫെഡറൽ നിയമനിർമാണ ആവശ്യം വീണ്ടും ശക്തമാക്കിയത്. എന്നാൽ ഉഭയകക്ഷി ചർച്ചകളിൽ ചില പുരോഗതിയുണ്ടെങ്കിലും ശ്രമം ഇപ്പോഴും തുടരുകയാണ്. ബൈഡന്റെ പ്രസംഗത്തിന് തലേന്ന് രോഗി ഒക്‌ലഹോമയിലെ ആശുപത്രിയിൽ നാല് പേരെ വെടിവെച്ചു കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.