ഏദൻ ഉൾക്കടലിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു

ദുബൈ: യമനിലെ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ ഏദൻ ഉൾക്കടലിൽ ചരക്കുകപ്പലിൽ പതിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യു.എസ് സൈന്യം അറിയിച്ചു. ബാർബഡോസ് ഫ്ലാഗുള്ള, ലൈബീരിയൻ ഉടമസ്ഥതയിലുള്ള എം.വി ട്രൂ കോൺഫിഡൻസ് എന്ന കപ്പലിലാണ് മിസൈൽ പതിച്ചത്.

ആദ്യമായാണ് ഹൂതി ആക്രമണത്തിൽ മരണം സംഭവിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഹൂതികൾ അഞ്ചാം തവണയാണ് കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുന്നത്. ഹൂതികളിൽ നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ കപ്പൽ ജീവനക്കാർ നിരസിച്ചതിനെ തുടർന്നാണ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‍യ സാരി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ജനുവരി മുതൽ യെമനിലെ ഹൂതി ലക്ഷ്യങ്ങളിൽ അമേരിക്കയും ബ്രിട്ടനും ആവർത്തിച്ച് ആക്രമണം നടത്തിയെങ്കിലും ഹൂതികൾ വ്യാപാര കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നത് തുടരുകയാണ്. ഇസ്രായേൽ, ബ്രിട്ടീഷ്, അമേരിക്കൻ കപ്പലുകളും ഇസ്രായേൽ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളും ഏദൻ ഉൾക്കടലിലും ചെങ്കടലിലും വെച്ച് ആക്രമിക്കുമെന്ന് ഹൂതികൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.  

Tags:    
News Summary - Three people were killed in a Houthi missile attack in the Gulf of Aden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.