ഗോർബച്ചേവ് യുഗവും സോവിയറ്റ് യൂണിയന്‍റെ തകർച്ചയും -നാൾവഴി

മോസ്കോ: സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായ പ്രസിഡന്‍റെന്ന് വിമർശിക്കപ്പെടുമ്പോഴും, യു.എസ്.എസ്.ആറിന്‍റെ ഇരുമ്പുമറ മാറ്റി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനകീയമുഖം നൽകിയയാളെന്ന വിശേഷണം കൂടിയുള്ള നേതാവാണ് മിഖായേൽ ഗോർബച്ചേവ്. ലോകസമാധാനത്തിലേക്ക് നയിക്കുന്ന നിലപാടുകൾ എടുത്തതിന്റെ ഫലമായാണ് 1990ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഗോർബച്ചേവിനെ തേടിയെത്തിയത്. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യവത്കരിക്കാനും സാമ്പത്തിക ഘടനയെ കൂടുതല്‍ വികേന്ദ്രീകരിക്കാനുമുള്ള ഗോര്‍ബച്ചേവിന്റെ പരിശ്രമങ്ങൾ പക്ഷേ, 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കാണ് വഴിയൊരുക്കിയത്.


(ഗോർബച്ചേവിന് നാല് വയസ്സുള്ളപ്പോൾ)

 

രാഷ്ട്രീയ ജീവിതം

1952ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമപഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്. 1955ല്‍ നിയമത്തിൽ ബിരുദം കരസ്ഥമാക്കിയ ഗോർബച്ചേവ് കോംസമോളില്‍ വ്യത്യസ്ത പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. 1970ല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ റീജ്യൺ സെക്രട്ടറിയായി ചുമതലയേറ്റു.

1985 മാർച്ച് : തന്‍റെ 54ാം വയസ്സിൽ, കമ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ്ബ്യുറോയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ മിഖായേൽ ഗോർബച്ചേവ് പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയവും സാമ്പത്തികവുമായ നിശ്ചലാവസ്ഥയിൽ നിന്ന് സോവിയറ്റ് യൂണിയനെ മുന്നോട്ടു കൊണ്ടുപോകുക ലക്ഷ്യമിട്ട് ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടു.

1985 നവംബർ : ഗോർബച്ചേവും യു.എസ് പ്രസിഡന്‍റായിരുന്ന റൊണാൾഡ് റീഗനും ജനീവയിൽ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തി.

1986 ഏപ്രിൽ : ചെർണോബിൽ ആണവ നിലയത്തിലുണ്ടായ പൊട്ടിത്തെറി യൂറോപ്പിനെയാകെ ആണവഭീതിയിലാക്കുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സോവിയറ്റ് അധികൃതർ ഇത് അംഗീകരിച്ചത്.



 

1986 ഡിസംബർ: വിമത പ്രസ്ഥാനത്തിന്റെ നേതാവായ ഡോ. ആന്ദ്രേ സഖറോവിനെ ഗോർബച്ചേവിന്‍റെ നിർദേശത്തെ തുടർന്ന് സ്വതന്ത്രനാക്കുന്നു. ഗോർബച്ചേവിന്‍റെ കാലത്ത് സ്വതന്ത്രമാക്കപ്പെട്ട നൂറുകണക്കിന് രാഷ്ട്രീയ-മത നേതാക്കളിലൊരാളാണ് ഡോ. ആന്ദ്രേ സഖറോവ്.

1987 മേയ് : മതിയാസ് റസ്റ്റ് എന്ന ജർമൻ യുവാവ് ഹെൽസിങ്കിയിൽ നിന്ന് പറത്തിയ സെസ്ന ലൈറ്റ് എയർക്രാഫ്റ്റ് സോവിയറ്റ് വ്യോമപ്രതിരോധം മറികടന്ന് റെഡ് സ്ക്വയറിൽ ലാൻഡ് ചെയ്യുന്നു. ഇതേത്തുടർന്ന് പ്രതിരോധ ഉന്നത ഉദ്യോഗസ്ഥരിൽ ഗോർബച്ചേവ് മാറ്റംവരുത്തി.

1987 ഒക്ടോബർ: പ്രമുഖ പരിഷ്കർത്താവ് ബോറിസ് യെൽസിൻ പെരിസ്ട്രോയിക്കയുടെ മുന്നോട്ടുപോക്ക് സംബന്ധിച്ച് ഗോർബച്ചേവുമായി ഭിന്നതയിലാവുകയും പൊളിറ്റ്ബ്യുറോ വിടുകയും ചെയ്യുന്നു.

1987 ഡിസംബർ: ആണവായുധങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള ആദ്യ ഉടമ്പടിയിൽ ഗോർബച്ചേവും യു.എസ് പ്രസിഡന്‍റ് റൊണാൾഡ് റീഗനും ഒപ്പുവെച്ചു.

1988 ഒക്ടോബർ : ഗോർബച്ചേവ് ദേശീയ നിയമനിർമാണ സഭയായ സുപ്രീം സോവിയറ്റിന്റെ പ്രസീഡിയം ചെയർമാനായി അധികാരം കേന്ദ്രീകരിച്ചു.

1989 ഫെബ്രുവരി: സോവിയറ്റിന്‍റെ അഫ്ഗാനിസ്താനിലെ സൈനിക ഇടപെടൽ അവസാനിപ്പിച്ചു. ബാൾട്ടിക് റിപ്പബ്ലിക്കുകളിലും ജോർജിയയിലും യുക്രെയ്നിലും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കുന്നു.

1989 മാർച്ച്: ജനപ്രതിനിധിസഭയെ തെരഞ്ഞെടുക്കുന്നതിന് സോവിയറ്റ് യൂണിയനിൽ ഒന്നിലേറെ സ്ഥാനാർഥികൾ അണിനിരന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് നടക്കുന്നു. പല പ്രമുഖരായ കമ്യൂണിസ്റ്റ് നേതാക്കളും സ്വതന്ത്രരോട് തോൽക്കുന്നു. ബാൾട്ടിക് മേഖലയിൽ വിഘടനവാദികൾ ജയിക്കുന്നു.



 

1989 നവംബർ : കിഴക്കൻ ജർമ്മനിയിലെയും കിഴക്കൻ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് സർക്കാരുകളെ ജനകീയ വിപ്ലവങ്ങൾ തൂത്തുവാരി. സോവിയറ്റ് യൂണിയൻ ഇതിൽ ഇടപെടാതെ നിന്നു.

1989 ഡിസംബർ : ഗോർബച്ചേവും യു.എസ് പ്രസിഡന്‍റ് ജോര്‍ജ്. എച്ച്.ഡബ്ല്യു. ബുഷും മാൾട്ടയിൽ വെച്ച് ശീതയുദ്ധം അവസാനം പ്രഖ്യാപിക്കുന്നു.

1990 ഫെബ്രുവരി: കമ്യൂണിസ്റ്റ് പാർട്ടി അതിന്‍റെ അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നു. അധികാരങ്ങളിൽ വലിയ വർധനവോടെ ഗോർബച്ചേവിന് ഒരു എക്സിക്യൂട്ടീവ് പ്രസിഡന്റ് സ്ഥാനം നൽകാൻ പാർലമെന്റ് സമ്മതിക്കുന്നു. പരിഷ്കരണ അനുകൂല പ്രകടനക്കാർ സോവിയറ്റ് യൂണിയനിലുടനീളം വലിയ റാലികൾ നടത്തുന്നു.

1990 ഒക്ടോബർ: ഗോർബച്ചേവ് നിർണായക പങ്കുവഹിച്ച ചർച്ചകളെ തുടർന്ന് കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും ഏകീകരിക്കപ്പെടുന്നു. കമ്പോള സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമായി സമ്പദ്‌വ്യവസ്ഥയുടെ കമ്മ്യൂണിസ്റ്റ് കേന്ദ്ര ആസൂത്രണം ഉപേക്ഷിക്കാനുള്ള പദ്ധതി സോവിയറ്റ് പാർലമെന്റ് അംഗീകരിക്കുന്നു. ഗോർബച്ചേവിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നു.

1990 നവംബർ: പൊതുജീവിതം സംബന്ധിച്ച എല്ലാ മേഖലകളിലും ഉത്തരവുകൾ പുറപ്പെടുവിക്കാൻ പാർലമെന്റ് ഗോർബച്ചേവിനെ അധികാരപ്പെടുത്തി. ഗോർബച്ചേവ് നിർദ്ദേശിച്ച യൂണിയൻ ഉടമ്പടിയുടെ ആദ്യ കരട് 15 റിപ്പബ്ലിക്കുകൾക്ക് ഗണ്യമായ അധികാരങ്ങൾ നൽകി. എന്നാൽ ലാത്വിയ, ലിത്വാനിയ, എസ്തോണിയ, ജോർജിയ എന്നിവ ഇതിൽ ഒപ്പിടാൻ വിസമ്മതിച്ചു.

1991 ജനുവരി: ബാൾട്ടിക്‌സിലെ സ്വാതന്ത്ര്യ അനുകൂല പ്രകടനങ്ങൾ സൈന്യം തകർത്തു, ലിത്വാനിയയിൽ 14 പേരും ലാത്വിയയിൽ അഞ്ച് പേരും കൊല്ലപ്പെട്ടു.

1991 മാർച്ച് : സോവിയറ്റ് യൂണിയനെ പരമാധികാരമുള്ള റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയായി നിലനിർത്താൻ ജനഹിത പരിശോധന വൻ ഭൂരിപക്ഷം നേടി. എന്നാൽ, ആറ് റിപ്പബ്ലിക്കുകൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

1991 ഏപ്രിൽ : കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ വാഴ്സോ ഉടമ്പടി പിരിച്ചുവിട്ടു.

1991 ജൂൺ : ബോറിസ് യെൽറ്റ്സിൻ റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1991 ആഗസ്റ്റ് 19-21 : ഗോർബച്ചേവിന്റെ നയങ്ങളിൽ എതിർപ്പുണ്ടായിരുന്ന തീവ്രനിലപാടുള്ള കമ്യൂണിസ്റ്റ് നേതാക്കൾ യാനയേവിന്‍റെ നേതൃത്വത്തിൽ അട്ടിമറി ശ്രമം നടത്തുന്നു. പല ഭാഗങ്ങളിലും അടിയന്തരാവസ്ഥ. എസ്റ്റോണിയൻ പാർലമെന്‍റ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. എന്നാൽ, അട്ടിമറി പരാജയപ്പെടുന്നു. 

1991 ആഗസ്റ്റ് 24 : ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് സ്ഥാനം രാജിവെച്ചു. ഉക്രേനിയൻ പാർലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ആഴ്ചകൾക്കുള്ളിൽ, കസാക്കിസ്ഥാനും റഷ്യയും ഒഴികെ മറ്റെല്ലാവരും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

1991 സെപ്റ്റംബർ ആറ് : ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവയുടെ സ്വാതന്ത്ര്യം സോവിയറ്റ് പരമോന്നത നിയമസഭ അംഗീകരിച്ചു. കോൺഗ്രസ് 1922ലെ യൂണിയൻ ഉടമ്പടി റദ്ദാക്കി. ഇടക്കാല സർക്കാറിന് അധികാരം നൽകി.


(1991 ഡിസംബർ 25ന് ക്രെംലിനിൽ സോവിയറ്റ് പതാക താഴ്ത്തി റഷ്യൻ പതാക ഉയർത്തുന്നു)

 

1991 നവംബർ 16 : സോവിയറ്റ് സ്വർണ, വജ്ര കരുതൽ ശേഖരത്തിന്‍റെയും എണ്ണ കയറ്റുമതിയുടെയും നിയന്ത്രണം റഷ്യ ഏറ്റെടുത്തു. ധനകാര്യ മന്ത്രാലയം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.

1991 ഡിസംബർ 25 : സോവിയറ്റ് യൂണിയൻ പ്രസിഡന്‍റ് സ്ഥാനം ഗോർബച്ചേവ് രാജിവെച്ചു. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടു. 

Tags:    
News Summary - Timeline: The Gorbachev Era And The Collapse Of The Soviet Union

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.