തെൽഅവീവ്/തെഹറാൻ: നയതന്ത്രകാര്യാലയം ആക്രമിച്ച ഇസ്രായേലിന് നേരെ 300 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചതിൽ പ്രതികാരം ചെയ്യണെമെന്ന് ഇസ്രായേൽ ധനമന്ത്രി. തങ്ങളെ ആക്രമിച്ചതിനേക്കാൾ കടുത്ത രീതിയിൽ ഇറാനെതിരെ ആക്രമണം അഴിച്ചുവിടണെമെന്ന് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേൽ മന്ത്രി ബെസാലെൽ സ്മോട്രിച്ച് ആവശ്യപ്പെട്ടു.
തെഹ്റാനെ പിടിച്ചുലക്കുന്ന ആക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട സ്മോട്രിച്ച്, അങ്ങനെ ചെയ്താൽ തങ്ങളോട് കളിക്കരുതെന്ന് അവിടെയുള്ള എല്ലാവരും മനസ്സിലാക്കുമെന്നും പറഞ്ഞു. ഇറാനെതിരെ ‘ആനുപാതികമല്ലാത്ത’ ആക്രമണത്തിന് ആഹ്വാനം ചെയ്തു. മിഡിൽ ഈസ്റ്റിൽ ഇസ്രായേലിന്റെ സ്ഥാനം രേഖപ്പെടുത്താൻ പ്രതികാരം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ഏറ്റവും ചെറിയ നീക്കത്തിനുപോലും തങ്ങൾ കനത്തപ്രഹരം നൽകുമെന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റഈസി ബുധനാഴ്ച മുന്നറിയിപ്പ് നൽകി. ബുധനാഴ്ച തെഹ്റാന് സമീപം നടന്ന വാർഷിക സൈനിക പരേഡിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ സായുധ സേന എന്തിനും സജ്ജമാണെന്ന് ഈ ഓപറേഷൻ തെളിയിച്ചു. സയണിസ്റ്റ് ഭരണകൂടത്തിന്റെ അപ്രമാദിത്വം തകർന്നു’ -അദ്ദേഹം പറഞ്ഞു. ‘സത്യസന്ധമായ വാഗ്ദത്തം’ എന്നാണ് ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തെ ഇറാൻ വിശേഷിപ്പിച്ചത്.
ഏപ്രിൽ 17ന് നടന്ന സൈനിക പരേഡിൽ ഇറാനിയൻ സായുധ സേന ഡ്രോണുകളും ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെടെ നിരവധി സൈനിക ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. അബാബിൽ, അരാഷ്, മുഹാജിർ ഡ്രോണുകളുടെ വിവിധ വേർഷനുകളും മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകളും എസ്-300 എയർ ഡിഫൻസ് മിസൈൽ സിസ്റ്റവും പ്രദർശനത്തിനുണ്ടായിരുന്നു.
അതേസമയം മുൻവർഷം ചെയ്തതുപോലെ ഇത്തവണ പരേഡിന്റെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നില്ല. കൂടാതെ, തലസ്ഥാനമായ തെഹ്റാനിന്റെ തെക്ക് ഭാഗത്തുള്ള ഹൈവേയിൽ നടക്കാറുള്ള പരേഡ് ഇത്തവണ നഗരത്തിന് വടക്കുള്ള ഒരു സൈനിക ബാരക്കിലേക്ക് മാറ്റുകയും ചെയ്തു.
അതിനിടെ, ചെങ്കടലിൽ ഇറാനിയൻ വാണിജ്യ കപ്പലുകൾക്ക് നാവികസേന കപ്പലുകൾ അകമ്പടി സേവിക്കുമെന്നും സുരക്ഷ ശക്തമാക്കുമെന്നും ഇറാൻ നാവിക സേന കമാൻഡർ ഷഹ്‌റാം ഇറാനി പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്കും തങ്ങളുടെ യുദ്ധക്കപ്പലുകൾ അകമ്പടി നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ചെങ്കടലിൽ നാവിക ദൗത്യം ശക്തമാക്കാൻ കൂടുതൽ യുദ്ധക്കപ്പലുകൾ ആവശ്യമാണെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.