വാഷിങ്ടൺ: യു.എസ് പ്രസിഡൻറായി ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടുവെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി. പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ബൈഡൻെറ മുന്നേറ്റമുണ്ടായതോടെയാണ് പെലോസിയുടെ അഭിപ്രായപ്രകടനം.
ബൈഡനും ഹാരിസിനും വൈറ്റ് ഹൗസിലേക്കുള്ള ടിക്കറ്റ് ലഭിച്ചുവെന്ന് വ്യക്തമായതായി പെലോസി പറഞ്ഞു. നിർണായക സംസ്ഥാനമായ പെൻസിൽവേനിയയിൽ ബൈഡൻ ലീഡ് നേടിയതിന് പിന്നാലെയാണ് വിജയമുറപ്പിച്ച് പെലോസി രംഗത്തെത്തിയത്.
രാജ്യത്തിന് സന്തോഷിക്കാവുന്ന ദിവസമാണ് കടന്നു പോകുന്നതെന്ന് നാൻസി പെലോസി പറഞ്ഞു. എല്ലാവരേയും ഒരുമിച്ച് ചേർക്കാൻ ബൈഡന് കഴിയുമെന്നും അവർ വ്യക്തമാക്കി. യു.എസ് തെരഞ്ഞെടുപ്പിൻെറ വിധി നിർണയിക്കുന്ന സംസ്ഥാനമായ പെൻസിൽവേനിയയിൽ നിർണായക ലീഡാണ് ബൈഡൻ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 14,500 വോട്ടിൻെറ ലീഡാണ് ബൈഡനുള്ളത്.
ഇതുകൂടാതെ അരിസോണ, ജോർജിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലും ബൈഡൻെറ മുന്നേറ്റമാണുള്ളത്. അതേസമയം, ഈ സംസ്ഥാനങ്ങളിലൊന്നും വോട്ടെണ്ണൽ ഇനിയും പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.