ടൊറന്റോ: ഇന്ത്യയുമായി നയതന്ത്ര പ്രതിസന്ധി വഷളാകുന്നതിനിടെ കാനഡയിൽ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ ആക്രമണവും ‘തീവ്രവാദത്തെ മഹത്ത്വവത്കരിക്കലും’ സജീവമാകുന്നതിൽ പ്രതിഷേധിച്ച് ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിയിലെ മുതിർന്ന അംഗം. കാനഡയിലെ ഹൗസ് ഓഫ് കോമൺസ് അംഗമായ ഇന്ത്യൻ വംശജൻ ചന്ദ്ര ആര്യയാണ് രംഗത്തെത്തിയത്.
ഖലിസ്ഥാൻ സംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ പ്രസിഡന്റ് ഗുർപന്ത്വന്ത് സിങ് പന്നൻ ആണ് കഴിഞ്ഞ ദിവസം ഹിന്ദുക്കൾ കാനഡ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടത്. ഇതിനുശേഷം കാനഡയിലെ ഹിന്ദുക്കൾ ഭീതിയിലാണെന്ന് ആര്യ പറഞ്ഞു. ജാഗ്രത വേണമെന്നും ആക്രമണ സംഭവങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലെ കുറിപ്പിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണിൽ കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ട്രൂഡോ കുറ്റപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഗുർപന്ത്വന്തിന്റെ പ്രതികരണം.
‘കാനഡയിലെ സിഖുകാരിൽ മഹാഭൂരിപക്ഷവും ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണക്കുന്നവരല്ല. എന്നാൽ, പരസ്യമായി ഏറെ പേരും രംഗത്തുവരാത്തത് മറ്റു കാരണങ്ങളാലാണ്. അവർ രാജ്യത്തെ ഹിന്ദുക്കളുമായി അടുത്തുനിൽക്കുന്നവരുമാണ്’ - ആര്യ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.