ന്യൂയോര്‍ക്ക്: നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയതുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളില്‍ കൃത്രിമം വരുത്തിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. കേസിൽ ജൂലൈ 11ന് ശിക്ഷ വിധിക്കും.
കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. നാലു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. എന്നാൽ, മുൻ പ്രസിഡന്‍റ് ആയതിനാൽ ട്രംപിന്‍റെ ശിക്ഷ പിഴയിൽ ഒതുക്കുമെന്നാണ് റിപ്പോർട്ട്.
സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം പുറത്തു വരാതിരിക്കാന്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് പരാതി. രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് ഉൾപ്പെടെയുള്ള വകുപ്പുകളും വഞ്ചന കുറ്റങ്ങളും ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നൽകി ഹരജി നേരത്തെ ന്യൂയോർക്ക് കോടതി തള്ളിയിരുന്നു. കേസിൽ മാര്‍ച്ച് 25നാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ലോവർ മാൻഹാട്ടൻ ഫെഡറൽ കോടതിയിലെത്തി അറസ്റ്റ് വരിച്ചിരുന്നു. യു.എസിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതും അറസ്റ്റിലാകുന്നതും.
യു.എസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രം ബാക്കിനിൽക്കെയാണ് ട്രംപിനെതിരെ കോടതി വിധി. നവംബർ അഞ്ചിനാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.