വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചൊവ്വാഴ്ച സംസാരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഫ്ലോറിഡയിൽനിന്ന് വാഷിങ്ടണിലേക്ക് വരുന്നതിനിടെ എയർ ഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമോയെന്ന് നോക്കാം. ഇക്കാര്യത്തിൽ എന്തെങ്കിലും പ്രഖ്യാപനം നടത്തുമോയെന്ന് ചൊവ്വാഴ്ച അറിയാം. ഊർജ കേന്ദ്രങ്ങളെയും ഭൂപ്രദേശങ്ങളെയുംകുറിച്ചായിരിക്കും ചർച്ച. ഭൂപ്രദേശങ്ങൾ വിഭജിക്കുന്നത് സംബന്ധിച്ച് ഇതിനകം ചർച്ച തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു നേതാക്കളും ചൊവ്വാഴ്ച ചർച്ച നടത്തുമെന്ന റിപ്പോർട്ട് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. അതേസമയം, ചർച്ചയുടെ മുന്നോടിയായി ഉള്ളടക്കം പുറത്തുവിടാൻ അദ്ദേഹം തയാറായില്ല.
യൂറോപ്യൻ സഖ്യകക്ഷികളെ മാറ്റിനിർത്തുകയും റഷ്യയുമായി അടുക്കുകയും ചെയ്യുന്നതിലൂടെ യു.എസ് വിദേശ നയത്തിൽ കാതലായ മാറ്റം വരുത്താനുള്ള പദ്ധതിയിലാണ് ട്രംപ്. ഇതിന്റെ ഭാഗമായാണ് പുടിനുമായി ചർച്ച നടത്താനുള്ള തീരുമാനം. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയുടെ മുന്നോടിയായി യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.