അങ്കാറ: ഇസ്രായേൽ ചാരസംഘടന മൊസാദുമായി ബന്ധമുള്ള 33 പേർ തുർക്കിയയിൽ അറസ്റ്റിൽ. തുർക്കിയ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചതായി സ്റ്റേറ്റ് വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു.
തുർക്കിയയിലെ എട്ട് പ്രവിശ്യകളിലാണ് പരിശോധന നടത്തിയതെന്നും 13 പേരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വാർത്താ ഏജൻസി അറിയിച്ചു.
തുർക്കിയിലെ വിദേശികളെ ലക്ഷ്യമിട്ട് മൊസാദ് നടത്തിയ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി 46 പേർക്ക് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതായി ഇസ്താംബൂളിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ഇസ്രായേൽ ചാരസംഘടന മൊസാദുമായി ബന്ധമുള്ള ഒരു സ്ത്രീയടക്കം നാലു പേരെ ഡിസംബർ 29ന് ഇറാൻ തൂക്കിലേറ്റിയിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ വഫ ഹനാറെ, അരാം ഉമരി, റഹ്മാൻ പർഹാസോ, നാസിം നമാസി എന്ന വനിതയെയുമാണ് തൂക്കിലേറ്റിയത്. സമാന കാരണങ്ങളാൽ രണ്ടാഴ്ച മുമ്പ് ഒരാളെ തൂക്കിലേറ്റിയിരുന്നു.
ഇറാന്‍റെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട അട്ടിമറി സംഘത്തിലെ നാല് അംഗങ്ങളെ തൂക്കിലേറ്റിയെന്ന് ഇറാൻ ജുഡീഷ്യറിയുടെ മിസാൻ വെബ്സൈറ്റ് ആണ് റിപ്പോർട്ട് ചെയ്തത്. മൊസാദിന്‍റെ നിർദേശപ്രകാരം രാജ്യ സുരക്ഷക്കെതിരെ ഈ സംഘം നീക്കം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.