അങ്കാറ: ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി തുർക്കി. ഈ മാസം ആറിന് തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞിരുന്നു. തുർക്കിയിൽ മാത്രം 44,218 പേർക്കാണ് ജീവൻ നഷ്ടമായത്. സിറിയയിൽ 5,914 പേർക്കും. 520,000 അപാർട്മെന്റുകളടങ്ങിയ 160,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നത്.
ഒരുമാസത്തിനകം തുർക്കിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യം കൂടി മുന്നിൽ കണ്ട് ഒരു വർഷത്തിനകം, ഭൂകമ്പത്തിൽ വീട് നഷ്ടമായ എല്ലാവർക്കും കിടപ്പാടം ഉറപ്പാക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. ഇതിനായുള്ള ടെൻഡറുകളും കോൺട്രാക്റ്റുകളും ഒപ്പുവെച്ചതായും എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും അധികൃതർ വ്യക്തമാക്കി.
രക്ഷപ്പെട്ടവർ നിലവിൽ താമസസൗകര്യമില്ലാതെ ദുരിതത്തിലാണ്. താൽകാലിക ടെന്റുകൾ ഒരുക്കിയാണ് പലരെയും പുനരധിവസിപ്പിച്ചിരിക്കുന്നത്. ടെന്റുകൾ ആവശ്യത്തിന് ഇല്ലാത്തത് വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സ്കൂളുകൾ പോലുള്ളവ സഹായം നൽകാനുള്ള കേന്ദ്രങ്ങളായും മാറ്റിയിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ 1500 കോടി ഡോളർ ചെലവിട്ട് രണ്ടുലക്ഷം അപാർട്മെന്റുകളും 70,000 ഗ്രാമീണ വീടുകളും പണിയാനാണ് തുർക്കി സർക്കാരിന്റെ പദ്ധതി. പുനരധിവാസത്തിനായി 2500 കോടി ഡോളർ വേണ്ടിവരുമെന്നാണ് യു.എസ് ബാങ്ക് ജെപി മോർഗൻ കണക്കുകൂട്ടുന്നത്. ഭൂകമ്പത്തിൽ ഏതാണ്ട് 15 ലക്ഷം ആളുകൾ ഭവനരഹിതരായെന്നാണ് യു.എൻ.ഡി.പിയുടെ റിപ്പോർട്ട്. അതിൽ അഞ്ചുലക്ഷത്തിന് പുതിയ വീട് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.