ഫാമുകളിൽ അടിമപ്പണി; ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ, 33 പേരെ മോചിപ്പിച്ചു

റോം: ഇറ്റലിയിലെ വെറോണ പ്രവിശ്യയിലെ ഫാമുകളിൽ 33 ഇന്ത്യൻ കർഷകത്തൊഴിലാളികളെ അടിമകളാക്കിയതിന് രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. കാർഷിക കമ്പനി ഉടമകളായ ഇവരിൽനിന്ന് 4.75 ലക്ഷം യൂറോ പിടിച്ചെടുത്തു.

അനധികൃതമായാണ് തൊഴിലാളികളെ ഇവർ ജോലിക്ക് നിയമിച്ചതെന്നും നികുതി അടച്ചിരുന്നില്ലെന്നും ഇറ്റാലിയൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. തൊഴിലാളിക​ളെ ചൂഷണം ചെയ്തതിന് ഇരുവർക്കുമെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

സ്ട്രോബറി കൃഷിയിടത്തിലെ യന്ത്രത്തിൽ കുടുങ്ങി പരി​ക്കേറ്റ 31 കാരനായ സിഖ് തൊഴിലാളി കഴിഞ്ഞമാസം മറ്റൊരു​ തോട്ടത്തിൽ രക്തം വാർന്ന് മരിച്ചിരുന്നു. തൊഴിലുടമ ഇയാൾക്ക് ചികിത്സ നൽകാൻ തയാറാകാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചത്. തുടർന്ന് ഇറ്റാലിയൻ അധികൃതർ കൃഷിയിടങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു.

ആയിരക്കണക്കിന് ഇന്ത്യക്കാർ ഇറ്റലിയിലെ കൃഷിയിടങ്ങളിൽ തൊഴിലെടുക്കുന്നുണ്ട്. ഭൂരിഭാഗം പേരും സിഖുകാരാണ്. അനധികൃതമായി നിയമിച്ച ഇവർക്ക് മതിയായ ശമ്പളമോ മറ്റു സൗകര്യങ്ങളോ നൽകുന്നില്ല. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇറ്റലിയിലെ തൊഴിലിടങ്ങളിൽ അപകട മരണങ്ങൾ കൂടുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

Tags:    
News Summary - Two Indian nationals arrested in Italy for enslaving 33 countrymen on farms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.