റിഷി സുനക്, ലിസ് ട്രസ്, സാജിദ് ജാവിദ്, ജെറമി ഹണ്ട്

പുതിയ പ്രധാനമന്ത്രി സെപ്റ്റംബർ അഞ്ചിന്; ബ്രിട്ടനിൽ പ്രധാനമന്ത്രിയാകാൻ 11 പേർ, പോരാട്ടം മുറുകി

ലണ്ടൻ: വിവാദങ്ങളിൽ തട്ടി ബോറിസ് ജോൺസൻ പ്രധാനമന്ത്രി പദം രാജിവെച്ചതോടെ ആരാവും ഇനി ബ്രിട്ടന്റെ നയിക്കുക എന്ന് ഉറ്റുനോക്കുകയാണ് ലോകം. ബ്രിട്ടനിൽ ആറു വർഷത്തിനിടെ മൂന്നു പ്രധാനമന്ത്രിമാരാണ് അധികാരത്തിലിരുന്നത്. അതിൽ ഡേവിഡ് കാമറണിനും പിൻഗാമിയായെത്തിയ തെരേസ മേയ്ക്കും ബ്രെക്സിറ്റിൽ(ബ്രിട്ടന്റെ യൂറോപ്യൻ യൂനിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിൻവാങ്ങൽ) തട്ടിയാണ് കാലിടറിയത്. കോവിഡ് കാലത്ത് മദ്യവിരുന്ന് നടത്തിയതടക്കമുള്ള വിവാദങ്ങളാണ് ബോറിസ് ജോൺസണ് വിനയായത്.

ബോറിസ് ജോൺസൺ രാജി പ്രഖ്യാപിച്ചതോടെ ആരൊക്കെയാകും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുക എന്നത് ചർച്ചയായിരുന്നു. ഭാര്യ അക്ഷത മൂർത്തി നികുതിയടക്കാത്തതിനാൽ ജനപ്രീതിക്ക് അൽപം മങ്ങലേറ്റെങ്കിലും ഇന്ത്യൻ വംശജനും മുൻ ധനകാര്യ മന്ത്രിയുമായ റിഷി സുനകിനാണ് ഏറ്റവും സാധ്യത കൽപിക്കുന്നത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രുസിനും നല്ല സാധ്യത കൽപിക്കുന്നത്. ഞായറാഴ്ചയാണ് 46 കാരിയായ ലിസ് തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ബ്രെക്സിറ്റാനന്തരം ​ബ്രിട്ടൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയത്തിലെ തന്റെ പരിചയ സമ്പത്ത് ​കൊണ്ട് കഴിയുമെന്നാണ് ലിസ് പറയുന്നത്. ലിസ് കൂടി രംഗത്തു വന്നതോടെ കൺസർവേറ്റീവ് പാർട്ടിയിൽ(ടോറി) പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്നവരുടെ എണ്ണം 11 ആയി. റിഷി സുനക് വെള്ളിയാഴ്ച പ്രചാരണം തുടങ്ങിയിരുന്നു.

മുൻ ആരോഗ്യ സെക്രട്ടറി സാവിദ് ജാവിദും റിഷി സുനക്കും തുടങ്ങിയ കലാപമാണ് ബോറിസിന്റെ പടിയിറക്കത്തിന് പ്രധാന കാരണം. ജാവിദും മത്സരരംഗത്തുണ്ട്. മുൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, നിലവിലെ ധനകാര്യ മന്ത്രി നദീം സവാഹി, കൺസർവേറ്റീവ് എം.പിയായ റഹ്മാൻ ചിസ്തി, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, വാണിജ്യ സഹമന്ത്രി പെന്നി മോർഡൗന്റ്, ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് എന്നിവരും മതസരരംഗത്തുണ്ട്. നികുതിയാണ് പ്രചാരണ രംഗത്തെ പ്രധാന ആയുധം. സാമ്പത്തിക മാന്ദ്യത്തോടൊപ്പം ഉയർന്ന നികുതി നിരക്കും ബ്രിട്ടീഷ് ജനതയെ വലക്കുകയാണ്. അതോടൊപ്പം ഉയർന്ന പണപ്പെരുപ്പവും ജീവിത ചെലവ് കുത്തനെ വർധിച്ചതും ദുരിതം ഇരട്ടിയാക്കി.ഈ സാഹചര്യത്തിൽ കോർപറേറ്റ് നികുതി 25 ശതമാനത്തിൽ നിന്ന് 15 ആയി കുറക്കുമെന്നാണ് ജാവിദും ഹണ്ടും നൽകുന്ന വാഗ്ദാനം. ജൂലൈ 21നാണ് ബ്രിട്ടീഷ് പാർലമെന്റ് സമ്മേളിക്കുക.

കൺസർവേറ്റിവ് പാർട്ടിയിലെ എട്ട് എംപിമാർ പിന്തുണയ്ക്കുന്നവർക്കാണ് പാർട്ടി നേതൃസ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാൻ യോഗ്യതയുള്ളത്. ഒന്നിലധികം പേർ മത്സരരംഗത്തെത്തിയതോടെ രഹസ്യവോട്ടെടുപ്പുകളിലൂടെയാകും തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 21നകം ഇവരിൽ നിന്ന് രണ്ടു പേരെ തിരഞ്ഞെടുക്കണം. പിന്നീട് അവരിലൊരാളെ നേതാവായി തിരഞ്ഞെടുക്കും. സെപ്റ്റംബർ അഞ്ചിനു പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കും. 

Tags:    
News Summary - UK Foreign Minister Joins 11-Strong Race To Succeed Boris Johnson As PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.