ലണ്ടൻ: ലൈംഗിക തൊഴിലാളിക്ക് അയച്ച സന്ദേശം ഡിലീറ്റ് ചെയ്തിട്ടും ഐമാകിൽ ഭാര്യ കണ്ട സംഭവത്തിൽ ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്ത് യുവാവ്. ഐഫോണിൽനിന്ന് പെർമനന്റായി ഡിലീറ്റ് ചെയ്യപ്പെട്ടെന്ന് വിശ്വസിച്ച സന്ദേശം ഭാര്യ കാണുകയും ഇത് പിന്നീട് വിവാഹമോചനത്തിൽ കലാശിച്ചെന്നും ഇംഗ്ലണ്ടിൽനിന്നുള്ള വ്യവസായി കൂടിയായ പരാതിക്കാരൻ പറയുന്നു.
ആളെ തിരിച്ചറിയാതിരിക്കാൻ ആപ്പിൾ ഡിവൈസുകളിലുള്ള ഐമെസേജ് വഴിയാണ് യുവാവ് ലൈംഗിക തൊഴിലാളികളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഫോണിലും ഐമാകിലും ഒരേ ആപ്പിൾ ഐ.ഡി ആയിരുന്നതിനാൽ, രണ്ടിലും ഒരുമിച്ച് ഉപയോഗിക്കാനാവുന്ന വിധത്തിലാണ് ഐമെസേജ് സജ്ജീകരിച്ചിരുന്നത്. ഐഫോണിൽനിന്ന് ചാറ്റ് വിവരങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും ഐമാകിൽനിന്ന് അപ്രത്യക്ഷമായിരുന്നില്ല.
ഒരു ഡിവൈസിൽനിന്ന് ഡിലീറ്റ് ചെയ്താൽ എല്ലാ ഡിവൈസിലും മെസേജ് ഡിലീറ്റ് ആവില്ലെന്ന വിവരം ആപ്പിൾ ഉപയോക്താക്കളെ അറിയിച്ചില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു. ഒരു സന്ദേശം ഡിലീറ്റ് ചെയ്താൽ അത് പൂർണമായി ഇല്ലാതായെന്ന് ഉറപ്പാക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇയാൾ പറഞ്ഞു.
ഇയാളുടെ സന്ദേശങ്ങൾ കണ്ടെത്തിയതോടെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി. കേസിന് 50 ലക്ഷം പൗണ്ടിലധികം ചെലവായെന്നും വിവാഹമോചനം വേദനാജനകമായിരുന്നെന്നും ഇയാൾ പറഞ്ഞു. സന്ദേശങ്ങൾ കണ്ടെത്തിയില്ലെങ്കിൽ വിവാഹ മോചനം ഉണ്ടാകില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച യുവാവ്, ആപ്പിൾ ഡിവൈസാണ് തന്‍റെ ജീവിതം കീഴ്മേൽ മറിച്ചതെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.