യുക്രെയ്ൻ: മാക്രോൺ പുടിനുമായി കൂടിക്കാഴ്ച നടത്തും

പാരിസ്: യുക്രെയ്ൻ വിഷയത്തിൽ അനുരഞ്ജനചർച്ചകൾക്കായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ മേഖലയെ അസ്ഥിരമാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് റഷ്യയെ പിന്തിരിപ്പിക്കാനാണ് മാക്രോൺ ലക്ഷ്യമിടുന്നത്. റഷ്യൻ സന്ദർശനത്തിനു ശേഷം ചൊവ്വാഴ്ച അദ്ദേഹം യുക്രെയ്നും സന്ദർശിക്കും. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുമായും ചർച്ച നടത്തും.

യുക്രെയ്ൻ അതിർത്തിയിൽ റഷ്യ ഒരുലക്ഷത്തിലേറെ സൈനികരെ വിന്യസിച്ചതോടെയാണ് മേഖലയിൽ യുദ്ധസമാന സാഹചര്യത്തിന് കളമൊരുങ്ങിയത്. യുക്രെയ്നിൽ അധിനിവേശം നടത്താനാണ് റഷ്യയുടെ നീക്കമെന്ന് യു.എസ് ആരോപിച്ചിരുന്നു. എന്നാൽ, ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന് റഷ്യ നിരവധി തവണ വ്യക്തമാക്കുകയുണ്ടായി.

അതേസമയം, യുക്രെയ്ൻ ആക്രമിക്കുന്നതിന് റഷ്യ 70 ശതമാനം തയാറെടുപ്പ് നടത്തിയതായാണ് യു.എസ് അവകാശവാദം. അടുത്ത ആഴ്ചകളിൽ പൂർണതോതിൽ അധിനിവേശം നടത്തുമെന്നാണ് യു.എസ് പറയുന്നത്. തന്ത്രപ്രധാനമായ ആണവ സേനയുടെ അഭ്യാസം സാധാരണ ശീതകാല അവസാനത്തോടെ നടത്തുന്നത് ഈ മാസം പകുതിയോടെ ആരംഭിക്കുന്നത് ഇതിന്‍റെ സൂചനയാണ്.

യുക്രെയ്‌നില്‍ നേരിട്ട് ഇടപെടില്ലെന്ന് യു.എസ് പറയുന്നുണ്ടെങ്കിലും നാറ്റോ അംഗങ്ങളായ അയല്‍ രാജ്യങ്ങളില്‍ യു.എസ് സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. യുക്രെയ്ന്‍ നാറ്റോ അംഗമല്ലെങ്കിലും യു.എസിന്‍റെയും സഖ്യ കക്ഷികളുടെയും സൈനിക പരിശീലനവും സഹായവും ലഭിക്കുന്നുണ്ട്.

Tags:    
News Summary - Ukraine: Macron will meet with Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.