കിയവ്: തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്ക് മുമ്പ് തുറമുഖ നഗരമായ മരിയുപോളിലെ സൈനികർ ആയുധം വെച്ച് കീഴടങ്ങണമെന്ന റഷ്യയുടെ മുന്നറിയിപ്പ് തള്ളി യുക്രെയ്ൻ. ആയുധം താഴെവെച്ച് റഷ്യക്ക് മുമ്പിൽ കീഴടങ്ങാൻ യുക്രെയ്ൻ ഒരിക്കലും തയാറല്ലെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഐറിന വെരെഷ്ചുക് വ്യക്തമാക്കി. അങ്ങനെയൊരു ചോദ്യമേ ഉദിക്കുന്നില്ല. ഇക്കാര്യം റഷ്യയെ നേരത്തെ തന്നെ അറിയിച്ചതാണെന്നും അവർ പറഞ്ഞു.
റഷ്യൻ സൈന്യം വളഞ്ഞ മരിയുപോൾ നഗരത്തിൽ ആയിരക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെയോടെ കീഴടങ്ങിയാൽ നഗരത്തിൽ കുടുങ്ങിയവർക്ക് രക്ഷപ്പെടാൻ രണ്ട് ഇടനാഴികൾ തുറക്കുമെന്നായിരുന്നു റഷ്യയുടെ വാഗ്ദാനം. റഷ്യയിലേക്കും യുക്രെയ്ന്‍റെ മറ്റ് മേഖലകളിലേക്കും കടക്കാനാണ് പാത തുറക്കുക. ഇരുസൈന്യവും കനത്ത പോരാട്ടം നടത്തുന്ന മരിയുപോളിൽ വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെയാണ് ജനം കുടുങ്ങിക്കിടക്കുന്നത്.
എന്നാൽ, റഷ്യൻ സൈന്യം തീവ്രവാദികളെ പോലെയാണ് പെരുമാറുന്നതെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ആരോപിച്ചു. നിർദേശങ്ങൾ നൽകി കത്തെഴുതി സമയം കളയുന്നതിന് പകരം മാനുഷിക ഇടനാഴി തുറന്ന് നിരപരാധികളായ ജനങ്ങളെ പുറത്തെത്തിക്കൂവെന്നും അവർ ആവശ്യപ്പെട്ടു.
നാല് ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമാണ് മരിയുപോൾ. കനത്ത ഏറ്റുമുട്ടൽ തുടരുന്ന ഇവിടെ 2300 പേർ കൊല്ലപ്പെട്ടതായാണ് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കുന്നത്.
യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചിട്ട് 26 ദിവസങ്ങൾ ആകുന്നു. ഇനിയും യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടത്ര ഇടപെടലുകൾ ഉണ്ടായിട്ടില്ല. ലോകരാജ്യങ്ങൾ ആത്മാർത്ഥമായി വിഷയത്തിൽ ഇടപെട്ടിട്ടുമില്ല. ഇതിനിടെ റഷ്യയെയും പ്രസിഡന്റ് വ്ലാദിമിർ പുടിനെയും തറപറ്റിക്കാൻ പുതിയ തന്ത്രം പയറ്റാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ജർമൻ മന്ത്രി.
റഷ്യക്കെതിരായ പോരാട്ടത്തിന് സംഭാവന നൽകുന്നതിനായി ജർമൻകാർ മാംസം കഴിക്കുന്നത് കുറക്കണമെന്നും ഭക്ഷണം പാഴാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജർമൻ കൃഷി മന്ത്രി സെം ഒസ്ദമര്‍ ആവശ്യപ്പെട്ടു. സസ്യാഹാരിയാണ് സെം. റഷ്യ ഭക്ഷ്യവിതരണത്തെ ആയുധമായി ഉപയോഗിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സ്പീഗല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ അഭ്യര്‍ഥന. റഷ്യ അതിന്‍റെ ഭക്ഷ്യ കയറ്റുമതി ശക്തി ഉപയോഗിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഞാൻ ഒരു സസ്യാഹാരിയാണെങ്കിലും എല്ലാവരും സസ്യാഹാരം കഴിക്കണമെന്ന് ഞാൻ പറയില്ല. എന്നാല്‍ മാംസം കഴിക്കുന്നത് കുറക്കുക. പുടിനെതിരായ ഒരു സംഭാവനയായിരിക്കുമത്' -ഒസ്ദമര്‍ പറഞ്ഞു. യൂറോപ്യൻ ഭൂഖണ്ഡത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്ത് ഊർജത്തിന്‍റെയും ഭക്ഷ്യവസ്തുക്കളുടെയും വിലയിലെ വർധനവ് മൂലം ഉപഭോക്താക്കൾ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് മാർച്ച് 16ന് യൂറോപ്യൻ യൂണിയനിലെ റഷ്യൻ പ്രതിനിധി വ്ലാദിമിർ ചിസോവ് പറഞ്ഞിരുന്നു. സെം പറഞ്ഞത് സത്യത്തിന്റെ ഒരംശമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി മരിയ സഖരോവ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.