ക്രീമിയയിൽ സ്ഫോടനത്തിൽ ഒമ്പത് റഷ്യൻ യുദ്ധവിമാനങ്ങൾ തകർന്നതായി യുക്രെയ്ൻ; നിഷേധിച്ച് റഷ്യ

കിയവ്: റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ ക്രീമിയ ദ്വീപിൽ വൻ സ്ഫോടനം. ക്രീമിയയിലെ സാകി വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് റഷ്യൻ യുദ്ധവിമാനങ്ങൾ തകർന്നതായി യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ, സ്ഫോടനം തങ്ങളുടെ ആക്രമണത്തിലാണോ എന്ന് യുക്രെയ്ൻ വ്യക്തമാക്കിയിട്ടില്ല.

റഷ്യ സംഭവം നിഷേധിക്കുകയും ചെയ്തു. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വ്യോമതാവളത്തിലെ സ്ഫോടനത്തിനുശേഷം സമീപത്തെ തീരപ്രദേശത്ത് പുകയുയർന്നതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി ഓടുന്ന വിഡിയോ പുറത്തുവന്നിരുന്നു. സ്ഫോടനത്തിനുശേഷം നടത്തിയ വിഡിയോ സംപ്രേഷണത്തിൽ ക്രീമിയ യുക്രെയ്ന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി റഷ്യ യുക്രെയ്നും യൂറോപ്പിനുമെതിരായ യുദ്ധം തുടങ്ങിയത് ക്രീമിയയിലൂടെയാണെന്നും ഇനി അത് അവസാനിക്കേണ്ടതും ക്രീമിയയിലൂടെയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഭൂരിഭാഗവും കരിങ്കടലിനാൽ ചുറ്റപ്പെട്ട ക്രീമിയ 1991ൽ സോവിയറ്റ് യൂനിയൻ തകർന്നതോടെ യുക്രെയ്ൻ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക് ഓഫ് ക്രീമിയയായി മാറി. എന്നാൽ, റഷ്യയുടെ സോവിയറ്റ് കരിങ്കടൽ കപ്പൽ വ്യൂഹത്തിന് അവിടെ തുടരാൻ അനുമതിയുണ്ടായിരുന്നു. 2014ലുണ്ടായ യുക്രെയ്ൻ വിരുദ്ധ പ്രക്ഷോഭത്തിലൂടെ ആധിപത്യം നേടിയ റഷ്യ ഔദ്യോഗികമായി ക്രീമിയ തങ്ങളുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ലോകരാജ്യങ്ങളിൽ കൂടുതലും ക്രീമിയയെ യുക്രെയ്ന്റെ ഭാഗമായാണ് അംഗീകരിക്കുന്നത്.

റഷ്യൻ ആക്രമണത്തിൽ 13 മരണം

കിയവ്: യുക്രെയ്നിലെ മധ്യ-കിഴക്കൻ മേഖലയായ ഡിനിപ്രോപെട്രോവ്സ്കിൽ റഷ്യൻ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നികോപോൾ, മാർഹാനെറ്റ്സ് നഗരങ്ങളിലാണ് ആക്രമണമുണ്ടായത്.

Tags:    
News Summary - Ukraine Says 9 Russian Warplanes Destroyed in Crimea Blasts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.