റഷ്യയെ യു​ക്രെയ്​നുമായുള്ള യുദ്ധത്തിലേക്ക്​ തള്ളിവിടുകയാണ്​ യു.എസ്​ ചെയ്യുന്നതെന്ന്​ പുടിൻ

മോസ്​കോ: റഷ്യയെ യുക്രെയ്​നുമായുള്ള യുദ്ധത്തിലേക്ക്​ തള്ളിവിടുകയാണ്​ യു.എസ്​ ചെയ്യുന്നതെന്ന്​ റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡമീർ പുടിൻ. ആഴ്ചകളായി നിലനിൽക്കുന്ന യുക്രെയ്​ൻ പ്രതിസന്ധിയിൽ ഇതാദ്യമായാണ്​ പുടിൻ പ്രതികരിച്ചിരിക്കുന്നത്​. റഷ്യക്ക്​മേൽ ഉപരോധം ഏർപ്പെടുത്തുകയാണ്​ അമേരിക്കയുടെ ലക്ഷ്യമെന്നും പുടിൻ കുറ്റപ്പെടുത്തി.

യുക്രെയ്​നെ റഷ്യക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ്​ യു.എസ്​. നാറ്റോ സഖ്യത്തിന്‍റെ യുറോപ്പിലെ സാന്നിധ്യം മൂലം റഷ്യക്കുണ്ടാവുന്ന ഭീഷണികളെ യു.എസ്​ മുഖവിലക്കെടുക്കുന്നില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു. അതേസമയം, യുക്രെയ്നിന് മേൽ യു.എസ് പരിഭ്രാന്തി പടർത്തുകയാണെന്ന ആരോപണവുമായി റഷ്യൻ വക്​താവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യുക്രെയ്നെ ആക്രമിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ യു.എസ് പ്രതിനിധി റഷ്യക്ക് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് റഷ്യയുടെ പ്രസ്താവന.

റഷ്യ ആക്രമിക്കാൻ വരുന്നെന്ന പരിഭ്രാന്തി സൃഷ്ടിക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു. അമേരിക്കൻ മാധ്യമങ്ങൾ ഈയിടെയായി യുക്രെയ്‌നിലും അതിനു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാത്തതും വളച്ചൊടിച്ചതുമായ വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് യുക്രെയ്ൻ ജനതയിൽ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നു. ജനങ്ങൾ ബാഗുകൾ പാക്ക് ചെയ്യുന്ന അവസ്ഥവരെ സംഭവിക്കുകയാണ് -പെസ്കോവ് പറഞ്ഞു. യു.എസ് നൽകിയ റഷ്യൻ ആക്രമണ മുന്നറിയിപ്പിനോട് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദ്മിർ സെലൻസ്കിക്കുള്ള അഭിപ്രായഭിന്നതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ലക്ഷത്തോളം സൈനികരെ യുക്രെയ്​ൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചതോടെയാണ്​ പ്രതിസന്ധി ഉടലെടുത്തത്​. ഇതിന്​ പിന്നാലെ റഷ്യക്കെതിരെ കടുത്ത വിമർശനവുമായി യു.എസ്​ ഉൾപ്പടെയുള്ള പാശ്​ചാത്യ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Ukraine tensions: US trying to draw Russia into war says Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.