യുക്രെയ്ൻ നഗരങ്ങളിൽ ആക്രമണം ശക്തം; മരിയുപോൾ റഷ്യൻ സേന വളഞ്ഞു

കിയവ്: പത്താം ദിനവും യുക്രെയ്ൻ നഗരങ്ങളിൽ ആക്രമണം കടുപ്പിച്ച് റഷ്യൻ സേന. തലസ്ഥാനമായ കിയവിലും മറ്റു പ്രധാന നഗരങ്ങളിലും കനത്ത ഷെല്ലിങ്ങാണ് നടത്തുന്നത്. ദിവസങ്ങൾ പിന്നിടുമ്പോഴും കിയവിലേക്കും തന്ത്രപ്രധാന നഗരങ്ങളിലേക്കും കടക്കാനാകാതെ തിരിച്ചടി നേരിടുകയാണ് റഷ്യൻ സൈന്യം.

വടക്കൻ മേഖലയിൽ പോരാട്ടം മന്ദഗതിയിലാണെങ്കിലും കിഴക്കൻ മേഖലയിലും തെക്കൻ തീരങ്ങളിലും ശക്തമായ ആക്രമണമാണ് നടക്കുന്നത്. യുക്രെയ്ൻ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്ന 90 ശതമാനം സൈനികരും യുക്രെയ്നിലേക്ക് കടന്നതായാണ് വിവരം. അതേസമയം, തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ സേന വളഞ്ഞതായി മേയർ അറിയിച്ചു. നഗരത്തിൽനിന്ന് ജനങ്ങളെ പുറത്തെത്തിക്കാൻ സുരക്ഷിത പാതയൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പട്ടു.

ഷെല്ലിങ്ങിൽ നഗരത്തിലേക്കുള്ള വൈദ്യുതി, കുടിവെള്ള വിതരണ സംവിധാനം തകർന്നു. അഞ്ചു ലക്ഷത്തോളം പേരാണ് നഗരത്തിലുള്ളത്. യുക്രെയ്നിലെ വലിയ തുറമുഖങ്ങളിലൊന്നാണ് മരിയുപോൾ. നഗരം പിടിച്ചെടുത്താൽ ക്രീമിയയുമായി വിമത മേഖലയായ ലുഹാൻസ്ക്, ഡൊണട്സ്ക് എന്നിവയെ ബന്ധിപ്പിച്ച് റഷ്യക്ക് കരപാതയൊരുക്കാനാകും. റഷ്യക്ക് ഖേർസൺ നഗരം മാത്രമാണ് ഇതുവരെ പൂർണമായി പിടിച്ചെടുക്കാനായത്. റഷ്യക്കെതിരെയുള്ള പോരാട്ടത്തെ പിന്തുണക്കാൻ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ശനിയാഴ്ച വീഡിയോ കോൺഫറൻസ് വഴി സെലൻസ്കി യു.എസ് സെനറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.

റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ മാനുഷിക പ്രതിസന്ധി ചർച്ച ചെയ്യാൻ തിങ്കളാഴ്ച യു.എൻ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റ‍ഷ്യക്കെതിരെ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവരുന്നതും ചർച്ചയാകും. അധിനിവേശം തുടങ്ങിയതുമുതൽ 12 ലക്ഷം പേർ യുക്രെയ്ൻ വിട്ടതായി യു.എൻ അഭയാർഥി ഏജൻസി അറിയിച്ചു. ഇതിൽ പകുതിയും പോളണ്ടിലേക്കാണ് പോയത്.

കിയവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം തുടരുകയാണ്. കിയവ് ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ സൈനിക വ്യൂഹത്തിന്‍റെ നീക്കം ഇപ്പോഴും മന്ദഗതിയിലാണ്. റഷ്യൻ അധിനിവേശത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം വ്യാപകമാണ്.

Tags:    
News Summary - Ukrainian port city Mariupol 'blockaded' by Russian forces, says mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.