ഇസ്‍ലാമാബാദ്: ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പ്രധാനമന്ത്രി സ്ഥാനത്തേക്ക് പാർട്ടി സെക്രട്ടറി ജനറൽ ഉമർ അയൂബ് ഖാനെ നാമനിർദ്ദേശം ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പി.ടി.ഐ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളാണ് ദേശീയ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ കരസ്ഥമാക്കിയത്. നവാസ് ശരീഫിന്റെ പി.എം.എൽ-എൻ, ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) എന്നീ കക്ഷികൾ സഖ്യ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് പി.ടി.ഐയുടെ പ്രഖ്യാപനം.
പാകിസ്താന്റെ രണ്ടാമത്തെ പ്രസിഡന്റായ ജനറൽ മുഹമ്മദ് അയൂബ് ഖാന്റെ പേരമകനാണ് ഉമർ അയൂബ് ഖാൻ. അദ്ദേഹത്തിന്റെ പിതാവ് ഗോഹർ അയൂബ് ഖാനും രാഷ്ട്രീയക്കാരനായിരുന്നു. ഇംറാൻ ഖാൻ മന്ത്രിസഭയിൽ ധനമന്ത്രി, പെട്രോളിയം മന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ഉമർ അയൂബ്. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ മുസ്ലീം ലീഗ്-എൻ ഷഹബാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു
പാകിസ്താനിൽ ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ദേശീയ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 133 സീറ്റ് ഒരു കക്ഷിക്കും ലഭിച്ചിട്ടില്ല. മൊത്തം 266 ദേശീയ അസംബ്ലി സീറ്റുകളിൽ ഇംറാൻ ഖാന്റെ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രർ 101 സീറ്റുകൾ നേടിയിട്ടുണ്ട്. നവാസ് ശരീഫിന്റെ പി.എം.എൽ-എൻ 75, ബിലാവൽ ഭൂട്ടോ ചെയർമാനായ പി.പി.പി 54, എം.ക്യു.എം 17, മറ്റുള്ളവർ 19 എന്നിങ്ങനെയാണ് കക്ഷി നില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.