യുക്രെയ്നിന്റെ ധാതു സമ്പത്തിലേക്കുള്ള അമേരിക്കൻ പ്രവേശനം;  ട്രംപിന്റെ സമ്മർദത്തിനിടെ സെലൻസ്‌കിയുമായി യു.എസ് പ്രതിനിധിയുടെ കൂടിക്കാഴ്ച

യുക്രെയ്നിന്റെ ധാതു സമ്പത്തിലേക്കുള്ള അമേരിക്കൻ പ്രവേശനം; ട്രംപിന്റെ സമ്മർദത്തിനിടെ സെലൻസ്‌കിയുമായി യു.എസ് പ്രതിനിധിയുടെ കൂടിക്കാഴ്ച

കീവ്: യുക്രെയ്നിന്റെ ധാതു സമ്പത്തിലേക്കുള്ള അമേരിക്കൻ പ്രവേശനം ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുക്രെയ്ൻ-റഷ്യ സംഘർഷത്തിനായുള്ള പ്രതിനിധി വ്ലാദിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇരുവരും തമ്മിലുള്ള ചർച്ചകൾ യുദ്ധകാലത്തെ വിള്ളൽ പരിഹരിക്കാൻ സഹായിച്ചോ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നത യു.എസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

റഷ്യയുമായുള്ള മൂന്നു വർഷത്തെ യുദ്ധം യുക്രെയ്ൻ ആണ് ആരംഭിച്ചതെന്ന യു.എസ് പ്രസിഡന്റിന്റെ ആരോപണത്തിന് മറുപടിയായി ട്രംപ് റഷ്യയുടെ തെറ്റായ ആ​രോപണങ്ങൾ ആവർത്തിക്കുന്നുവെന്ന് സെലെൻസ്‌കി തിരിച്ചടിച്ചിരുന്നു. ഈ വാഗ്‍യുദ്ധത്തിൽ ‘സ്വേച്ഛാധിപതി’ എന്ന് ട്രംപ് സെലൻസ്‌കിയെ വിശേഷിപ്പിക്കുകയുമുണ്ടായി. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു ദ്രുത കരാറിനായി ശ്രമിക്കുന്നതിനിടയിലാണ് ഈ പരാമർശങ്ങൾ.

റഷ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും ഊർജ പരിവർത്തനത്തിന് നിർണായകമായ യക്രെയ്നിലെ ധാതു വിഭവങ്ങളിൽ നിക്ഷേപമിറക്കാനും ട്രംപ് ലക്ഷ്യമിടുന്നുണ്ട്. എന്നാൽ, സുരക്ഷാ ഗാരന്റി ഉൾപ്പെടുത്താത്തതിനാൽ യു.എസ് പദ്ധതിയെ യുക്രെയ്ൻ പ്രാരംഭത്തിൽ നിരസിച്ചിരുന്നു.

അതിനിടെയാണ് ട്രംപിന്റെ യുക്രെയ്ൻ-റഷ്യ സംഘർഷത്തിലെ പ്രതിനിധി കീത്ത് കെല്ലോഗ് ബുധനാഴ്ച കീവിൽ എത്തിയത്. യുദ്ധത്തടവുകാരെ കുറിച്ചും ഏതു സമാധാന ഉടമ്പടിയുടെയും ഭാഗമായുള്ള ഫലപ്രദമായ സുരക്ഷാ ഗാരന്റികളെക്കുറിച്ചും യുദ്ധഭൂമിയിലെ സാഹചര്യങ്ങളെക്കുറിച്ചും കെല്ലോഗുമായി താൻ വിശദമായതും ക്രിയാത്മകവുമായ സംഭാഷണം നടത്തിയെന്ന് കൂടിക്കാഴ്ചക്കു ശേഷം സെലെൻസ്കി ‘എക്സി’ൽ എഴുതി.

യുക്രേനിയൻ പ്രസിഡന്റ് തന്റെ സമൂഹ മാധ്യമ പരാമർശങ്ങളിൽ പുതുക്കിയ കരാറിനെക്കുറിച്ച് പരാമർശിച്ചിട്ടില്ലെങ്കിലും, ട്രംപ് ഭരണകൂടം സെലൻസ്‌കിക്ക് ലളിതമായ ധാതു ഇടപാട് അവതരിപ്പിക്കുന്നത് പരിഗണിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

സംഘർഷത്തിന്റെ അവസാനം അടുത്തിരിക്കുന്നുവെന്നും റഷ്യയുമായി സംസാരിക്കാതെ യുദ്ധം അവസാനിപ്പിക്കാനാവില്ലെന്നും ട്രംപ് വിശ്വസിക്കുന്നതായി അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞിരുന്നു.

ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും തമ്മിൽ സാധ്യമായ ഒരു കൂടിക്കാഴ്ച യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിൽ എന്തെങ്കിലും പുരോഗതി കൈവരിക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിസ്‍യും പറഞ്ഞു.

സെലൻസ്‌കിയുടെ അവഹേളനങ്ങൾ അംഗീകരിക്കാനാവില്ലെന്നും യുക്രെയ്‌നിലെ ധാതുസമ്പത്തിലേക്ക് അമേരിക്കക്ക് പ്രവേശനം നൽകുന്നതിന് യുക്രേനിയൻ പ്രസിഡന്റ് വീണ്ടും മേശപ്പുറത്ത് വന്ന് ചർച്ച ചെയ്യണമെന്നും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്‌സ് നേരത്തെ വൈറ്റ് ഹൗസ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - US access to Ukraines minerals; U.S. Envoy meet with Zelensky under pressure from Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.