മോസ്കോ: ജോ ബൈഡൻ പ്രസിഡന്‍റായി എത്തിയ ശേഷം റഷ്യയുമായി ബന്ധം വഷളാകുന്നതിന്‍റെ പുതിയ സൂചനയായി അംബാസഡറുടെ മടക്കം. റഷ്യയിലെ യു.എസ് അംബാസഡർ ജോൺ സുള്ളിവനാണ് താൻ മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ചർച്ചകളുടെ ഭാഗമായി മടങ്ങുകയാണെന്നാണ് സുള്ളിവന്‍റെ ഔദ്യോഗിക വിശദീകരണം. ഇരുരാജ്യങ്ങൾക്കുമടിയിൽ ബന്ധം വഷളായി തുടരുന്നതിനാൽ യു.എസ് പ്രതിനിധി രാജ്യം വിടണമെന്ന് നേരത്തെ റഷ്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതോടെ, ഇരു രാജ്യങ്ങളിലെയും എംബസികളിൽ പരസ്പരം അംബാസഡർമാർ ഉണ്ടാകില്ല.
യുക്രെയ്നിലെ റഷ്യൻ സൈനിക വിന്യാസവും അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഇടപെടലും ആരോപിച്ച് നേരത്തെ റഷ്യക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യ തിരിച്ചും ഉപരോധം പ്രഖ്യാപിച്ചു. റഷ്യൻ പ്രതിപക്ഷ നേതാവ് നാവൽനിയുടെ ജീവൻ അപകടത്തിലാക്കി വിഷം നൽകിയതും ബന്ധം വഷളാക്കിയ ഘടകമാണ്. കഴിഞ്ഞ മാർച്ചിലാണ് വാഷിങ്ടണിലെ റഷ്യൻ അംബാസഡർ അനറ്റോളി ആന്‍റനോവിനെ മോസ്കോയിലേക്ക് മടക്കിവിളിച്ചത്്. പുടിൻ കൊലയാളിയാണെന്ന് ബൈഡൻ മാധ്യമ അഭിമുഖത്തിൽ പറഞ്ഞത് പുറത്തുവന്നതോടെയായിരുന്നു പിൻവലിക്കൽ.
ഇരുരാജ്യങ്ങൾക്കുമിടയിൽ ഉച്ചകോടി നടത്തുന്നത് സംബന്ധിച്ച് നേരത്തെ ജോ ബൈഡനും വ്ലാഡ്മിർ പുടിനും ചർച്ച നടത്തിയിരുന്നുവെങ്കിലും എവിടെയുമെത്തിയിട്ടില്ല. അടുത്ത ആഴ്ചകളിൽ നടത്തൽ അസാധ്യമാണെന്ന് ക്രൈംലിൻ അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് റഷ്യക്കെതിരെ കടുത്ത ഉപരോധം നടപ്പാകുന്നത്. 10 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. പ്രതികാരമായി റഷ്യയിലെ 10 യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെയും പുറത്താക്കി.
സുള്ളിവനെ പുറത്താക്കിയില്ലെങ്കിലും സമ്മർദത്തിനൊടുവിൽ അങ്ങനെ തീരുമാനമെടുക്കുകയായിരുന്നുവെന്നു വേണം കരുതാൻ. 1952ലാണ് അവസാനമായി ഒരു യു.എസ് അംബാസഡറെ റഷ്യ പുറത്താക്കുന്നത്- ജോർജ് എഫ്. കെന്നനായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.