സൻആ: ഇസ്രായേലിന് പിന്തുണയുമായി ചെങ്കടലിൽ നിലകൊള്ളുന്ന അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ് ഐസനോവറിനു നേരെ കനത്ത റോക്കറ്റ്, ഡ്രോൺ ആക്രമണവുമായി യമനിലെ ഹൂതികൾ. ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. തിരിച്ചടിച്ച യു.എസ്, യു.കെ സഖ്യസേന യുദ്ധക്കപ്പലുകൾ 18 ഡ്രോണുകളും മൂന്ന് മിസൈലുകളും ആകാശത്തുവെച്ചുതന്നെ തകർത്തതായി അവകാശപ്പെട്ടു. ഹൂതി ആക്രമണം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും കനത്ത വില നൽകേണ്ടിവരുമെന്നും യു.കെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് മുന്നറിയിപ്പ് നൽകി. ഹൂതികൾ പുതിയ യുദ്ധമുഖം തുറക്കരുതെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗിഡോ ക്രൊസറ്റോയും ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിൽ പ്രതിഷേധിച്ചുള്ള ഹൂതി ആക്രമണത്തെ തുടർന്ന് നിരവധി കപ്പൽ കമ്പനികൾ ചെങ്കടൽ വഴിയുള്ള ചരക്ക് ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. കപ്പലുകൾക്ക് സംരക്ഷണമേകാൻ അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യസേന രൂപവത്കരിച്ചിരുന്നു.
അമേരിക്കൻ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് കപ്പൽവേധ ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. കപ്പലിന് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നും ആർക്കും പരിക്കില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ്.എസ് ഐസനോവറിൽനിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങളും യു.കെ യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡയമണ്ടും ചേർന്നാണ് മിസൈലുകളും ഡ്രോണുകളും തകർത്തതെന്ന് ഗ്രാന്റ് ഷാപ്സ് അറിയിച്ചു.
അതിനിടെ, ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ മരണം 23,357 ആയി. 24 മണിക്കൂറിനിടെ 147 പേരാണ് മരിച്ചത്. 59,410 പേർക്ക് പരിക്കുണ്ട്. ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതോടെ കരയുദ്ധം ആരംഭിച്ചതുമുതൽ മരിച്ച ഐ.ഡി.എഫ് അംഗങ്ങളുടെ എണ്ണം 186 ആയി. മധ്യ ഗസ്സയിലെ മഗാസിയിൽ 15 ഭൂഗർഭ അറകൾ തകർത്തതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. ലബനാനിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി. ഗസ്സയിലെ 15 ആശുപത്രികൾ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യ പര്യടനം നടത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി റാമല്ലയിൽ ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.