ലണ്ടൻ/വാഷിങ്ടൺ: റഷ്യൻ അധിനിവേശ ആശങ്കകൾക്കിടെ അമേരിക്കയും ബ്രിട്ടനും യുക്രെയ്നിലെ എംബസിയിൽനിന്ന് ജീവനക്കാരെ പിൻവലിക്കാൻ തുടങ്ങി. ബ്രിട്ടീഷ് നയതന്ത്രജ്ഞർക്ക് പ്രത്യേക ഭീഷണികളില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കിയവിൽ ജോലി ചെയ്യുന്ന പകുതിയോളം ജീവനക്കാരും യു.കെയിലേക്ക് മടങ്ങും.
യുക്രെയ്നിലെ യു.എസ് എംബസിയിലെ അമേരിക്കൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് രാജ്യംവിടാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആണ് ഞായറാഴ്ച ഉത്തരവിട്ടത്. എപ്പോൾ വേണമെങ്കിലും അധിനിവേശം പ്രതീക്ഷിക്കാമെന്ന് പറഞ്ഞാണ് അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാരോട് രാജ്യവിടാൻ ആവശ്യപ്പെട്ടത്. നടപടി ഒഴിപ്പിക്കലല്ലെന്നും കിയവ് എംബസി തുറന്ന് പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
യുക്രെയ്നിലേക്കും റഷ്യയിലേക്കും യാത്ര ചെയ്യരുതെന്ന് അമേരിക്കക്കാർക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ജീവനക്കാരുടെ ബന്ധുക്കളെ പിൻവലിക്കുന്നത് യു.എസിന്റെ അമിതജാഗ്രതയാണ് വ്യക്തമാക്കുന്നതെന്ന് യുക്രെയ്ൻ ആരോപിച്ചു. യുക്രെയ്നിലെ യൂറോപ്യൻ യൂനിയൻ ജീവനക്കാർ തൽക്കാലം സ്ഥലത്ത് തുടരുമെന്ന് പറഞ്ഞ യൂറോപ്യൻ യൂനിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ സംഘർഷത്തെ നാടകീയമാക്കാനില്ലെന്ന് വ്യക്തമാക്കി.
ഡെന്മാർക്, സ്പെയിൻ, ബൾഗേറിയ, നെതർലൻഡ്സ് എന്നിവയുൾപ്പെടെ നാറ്റോ സഖ്യത്തിലെ അംഗങ്ങൾ മേഖലയിലെ പ്രതിരോധം ശക്തിപ്പെടുത്താൻ കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അയക്കുന്നുണ്ട്.പിരിമുറുക്കം കണക്കിലെടുത്ത് തീരത്ത് പുതിയ റഷ്യൻ യുദ്ധം സ്വാഗതം ചെയ്യുന്നില്ലെന്ന അയർലൻഡ് മുന്നറിയിപ്പിനെതുടർന്ന് കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുന്നുണ്ടെന്ന് നാറ്റോ അറിയിച്ചു.ബാൾട്ടിക് കടൽ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണെന്ന് നാറ്റോ അറിയിച്ചു. എല്ലാ സഖ്യകക്ഷികളെയും സംരക്ഷിക്കാനും പ്രതിരോധിക്കാനും ആവശ്യമായ നടപടികൾ നാറ്റോ സ്വീകരിക്കുമെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.യുക്രെയ്നിന്റെ അതിർത്തിയിൽ നിലവിൽ ഒരു ലക്ഷം റഷ്യൻ സൈനികർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നതിനാൽ, യൂറോപ്പിൽ പുതിയ സംഘർഷ സാധ്യതയുണ്ടെന്ന് നാറ്റോ തലവൻ മുന്നറിയിപ്പ് നൽകി.
ലണ്ടൻ: യുക്രെയ്ൻ ആക്രമിക്കുന്നത് വിനാശകരവും രക്തരൂഷിതമായതുമായ ചുവടുവെപ്പായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റഷ്യക്ക് മുന്നറിയിപ്പ് നൽകി. സാഹചര്യം മോശമാണ്, എന്നാൽ യുദ്ധം അനിവാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യക്കെതിരെ സാമ്പത്തിക ഉപരോധ പാക്കേജിനുള്ള നീക്കത്തിലാണ്. യുക്രെയ്നിന് പ്രതിരോധ ആയുധങ്ങൾ നൽകുന്നുണ്ട്.
സൈനിക നടപടിക്കുള്ള പദ്ധതികൾ റഷ്യ നിഷേധിച്ചെങ്കിലും പതിനായിരക്കണക്കിന് സൈനികർ അതിർത്തിയിൽ തടിച്ചുകൂടിയിട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയിൽ 60 റഷ്യൻ യുദ്ധ ഗ്രൂപ്പുകളുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.