യുക്രെയ്നിലേക്ക് എഫ്-16 യുദ്ധവിമാനങ്ങൾ അയക്കാൻ അനുമതി നൽകി യു.എസ്

വാഷിങ്ടൺ ഡി.സി: യുദ്ധം തുടരുന്ന യുക്രെയ്നിലേക്ക് ഡെന്മാർക്കിൽ നിന്നും നെതർലൻഡ്സിൽ നിന്നും എഫ്-16 യുദ്ധവിമാനങ്ങൾ അയക്കാൻ അനുമതി നൽകി യു.എസ്. അമേരിക്കൻ നിർമിതമായ എഫ്-16 യുദ്ധവിമാനങ്ങൾ പറത്താനുള്ള പരിശീലനം യുക്രെയ്നിയൻ പൈലറ്റുമാർ പൂർത്തിയാക്കിയാലുടൻ വിമാനങ്ങൾ കൈമാറുമെന്ന് യു.എസ് അധികൃതർ പറഞ്ഞു. റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ എഫ്-16 യുദ്ധവിമാനങ്ങൾക്കായി യുക്രെയ്ൻ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സഖ്യകക്ഷികളിൽ നിന്ന് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ കൈമാറുന്നതിന് യു.എസിന്‍റെ അനുമതി ആവശ്യമുണ്ട്. നാറ്റോ അംഗങ്ങളായ ഡെന്മാർക്കും നെതർലൻഡ്സും അനുമതിക്കായി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. 11 രാജ്യങ്ങളുടെ നേതൃത്വത്തിൽ ഡെന്മാർക്കിൽ വെച്ചാണ് യുക്രെയ്നിയൻ പൈലറ്റുമാർക്ക് എഫ്-16 പറത്താനുള്ള പരിശീലനം നൽകുക. ഈ പരിശീലനത്തിന്‍റെ 'ഫലം' അടുത്ത വർഷം തുടക്കത്തിൽ കാണാനാകുമെന്നാണ് ഡെന്മാർക്ക് ആക്ടിങ് പ്രതിരോധ മന്ത്രി ട്രോൾസ് പോൾസെൻ പറഞ്ഞത്.

എഫ്-16 യുദ്ധവിമാനങ്ങൾ യുക്രെയ്ന് കൈമാറുന്നതിലും പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിലും യു.എസിന്‍റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഡച്ച്, ഡാനിഷ് പ്രതിരോധ വകുപ്പിന് അയച്ച കത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്തോണി ബ്ലിങ്കൻ പറഞ്ഞു. റഷ്യൻ അധിനിവേശത്തിനെതിരെയും തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനുമായുള്ള യുക്രെയ്ന്‍റെ പോരാട്ടത്തിന് ഇത് നിർണായകമാണെന്നും ബ്ലിങ്കൻ പറഞ്ഞു. 

Tags:    
News Summary - U.S. approves sending F-16s to Ukraine from Denmark and Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.