ബൈറൂത്: എട്ട് സൈനികരുടെ മരണത്തിനിടയാക്കിയ തിരിച്ചടിക്ക് പിന്നാലെ ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ കനത്ത വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. കരയാക്രമണവും ശക്തമാക്കുകയാണെന്ന സൂചന നൽകി ദക്ഷിണ മേഖലയിലെ 20 ഗ്രാമങ്ങളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാനും നിർദേശം നൽകി. ഏറ്റവും കൂടുതൽ ജനവാസമുള്ള നബാതിയ നഗരത്തിൽനിന്നടക്കം ഒഴിഞ്ഞുപോകാനാണ് മുന്നറിയിപ്പ്. 2006ലെ യുദ്ധത്തിനുശേഷം ഐക്യരാഷ്ട്രസഭ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച മേഖലകളും ഇതിൽപെടും. അതേസമയം, അതിർത്തിയിൽ കടുത്ത ചെറുത്തുനിൽപ് തുടരുന്ന ഹിസ്ബുല്ല, മാറൂൻ അൽ റാസ് നഗരത്തിലേക്ക് കടക്കാൻ ശ്രമിച്ച ഇസ്രായേൽ സൈന്യത്തിനുനേരെ വ്യാഴാഴ്ച ബോംബെറിഞ്ഞു. നിരവധി സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ ലബനീസ് സൈന്യം ഇസ്രായേൽ സേനയുമായി ഏറ്റുമുട്ടി. രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ലബനീസ് സൈന്യം അറിയിച്ചു.
ബൈറൂത്തിലും സമീപ പ്രദേശമായ ദാഹിയയിലും ഇസ്രായേൽ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി നടത്തിയ മിസൈൽ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കുണ്ട്. ബൈറൂത് നഗരത്തിലെ ഹിസ്ബുല്ല നിയന്ത്രണത്തിലുള്ള ആശുപത്രിയും ദാഹിയയിലെ മാധ്യമ വിഭാഗം ഓഫിസും തകർന്നു. ഇതുവരെ ലക്ഷ്യംവെക്കാതിരുന്ന കൈഫൂൻ നഗരത്തിലും വ്യോമാക്രമണമുണ്ടായി.
ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ലബനാനിലെ 12 ലക്ഷത്തോളം പേർ അഭയാർഥികളായതായി പരിസ്ഥിതി മന്ത്രി നാസർ യാസീൻ അറിയിച്ചു. സ്കൂളുകളിലും മറ്റും ഒരുക്കിയ 870ഓളം താൽക്കാലിക ക്യാമ്പുകളിലാണ് ഇവർ കഴിയുന്നത്. അതേസമയം, ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് 21 ദിവസത്തെ വെടിനിർത്തലിന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് ബ്രിട്ടനിലെ ലബനീസ് സ്ഥാനപതി റാമി മുർതദ വെളിപ്പെടുത്തി. എന്നാൽ, ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ വിഷയം ചർച്ചക്കുവരും മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെടിനിർത്തൽ നിർദേശം തള്ളുകയും ഹസൻ നസ്റുല്ലയെ വധിക്കാൻ പച്ചക്കൊടി കാണിക്കുകയുമായിരുന്നുവെന്നും റാമി മുർതദ പറഞ്ഞു.
അതിനിടെ, ഗസ്സയിൽ മൂന്നുമാസം മുമ്പ് മൂന്ന് മുതിർന്ന ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. റൗഹി മുശ്താഹ, സാമിഹ് അൽ സിറാജ്, സാമി ഔദ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാൽ, ഹമാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗസ്സയിൽ ബുധനാഴ്ച 70 ഫലസ്തീനികളും വ്യാഴാഴ്ച ഒമ്പതുപേരും കൊല്ലപ്പെട്ടതോടെ ആകെ മരണം 41,788 ആയി. 96,794 പേർക്ക് പരിക്കുണ്ട്.
മേഖലയിൽ ഇസ്രായേൽ കൂട്ട വംശഹത്യ നടത്തുകയാണെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുറ്റപ്പെടുത്തി. സംഘർഷം കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് ഇറാൻ, ഇറാഖ്, ജോർഡൻ എന്നിവിടങ്ങളിലേക്കുള്ള സർവിസ് നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.