കാബൂൾ: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടൽ അവസാനിപ്പിച്ച് യു.എസും നാറ്റോയും അഫ്ഗാനിസ്താനിൽ നിന്ന് സൈനികരെ തിരിച്ചുവിളിക്കുേമ്പാൾ പകരമെത്തുന്നത് തുർക്കി. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സുരക്ഷയാണ് തുർക്കിയുടെ മേൽനോട്ടത്തിലേക്ക് മാറുക. ഇതുസംബന്ധിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനും തമ്മിൽ ചർച്ച നടന്നതായി ബൈഡന്‍റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു.
സെപ്റ്റംബർ 11നകം എല്ലാ സൈനികരെയും പിൻവലിക്കാനാണ് യു.എസ് നീക്കം. കാബൂൾ പരിസരത്തെ വിശാലമായ സൈനിക ക്യാമ്പായ ബഗ്രാമിൽനിന്നും യു.എസ് പിന്മാറും. പിൻമാറ്റം നേരത്തെ ആരംഭിച്ചിട്ടുണ്ട്. നാറ്റോക്കു ശേഷമുള്ള അഫ്ഗാൻ ദൗത്യത്തിൽ പാകിസ്താൻ, ഹംഗറി എന്നീ രാജ്യങ്ങളുടെ പിന്തുണ തുർക്കി തേടും.
ജപ്പാൻ, യു.എസ് എന്നിവ സഹകരിച്ച് 2001നു ശേഷം കാബൂളിൽ നിർമാണം പൂർത്തിയാക്കിയതാണ് കാബൂൾ വിമാനത്താവളം. രാജ്യത്തിന്‍റെ ഭാവി അന്താരാഷ്ട്ര ബന്ധങ്ങളിൽ വിമാനത്താവളം ഏറെ നിർണായകമാകുമെന്നാണ് കണക്കുകൂട്ടൽ. ഇതുൾപെടെ അഫ്ഗാൻ മണ്ണിലെ ഓരോ ഇഞ്ചും ഇനി നാട്ടുകാർ തന്നെ സംരക്ഷിക്കണമെന്ന് നേരത്തെ താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേ സമയം, അഫ്ഗാനിൽ പുതിയ കാല സാഹചര്യം സുരക്ഷക്ക് അപകടമാണെന്ന യു.എസ് തിരിച്ചറിവാണ് പിന്മാറ്റത്തിലേക്ക് നയിച്ചതെന്ന് വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.