ഹമാസ് നേതാക്കൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി യു.എസ്

വാഷിങ്ടൺ: ഹമാസ് നേതാക്കൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി യു.എസ് നീതിന്യായ വകുപ്പ്. ടെഹ്റാനിൽ കൊല്ലപ്പെട്ട ഇസ്മാഈൽ ഹനിയ്യ, ഗസ്സയിൽ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അവകാശപ്പെടുന്ന മുഹമ്മദ് ദെയ്ഫ്, മർവാൻ ഈസ എന്നിവർക്ക് പുറമെ ഹമാസിന്റെ നേതൃത്വം ഇപ്പോഴും കൈയാളുന്ന യഹ്‍യ സിൻവർ, ഖാലിദ് മിശ്അൽ, ലബനാനിലെ നേതാവ് അലി ബറക എന്നിവർക്കെതിരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പേരിൽ കുറ്റം ചുമത്തിയത്.

പുതിയ വെടിനിർത്തൽ ചർച്ചകൾക്ക് അവസാനവട്ട നീക്കങ്ങൾക്കിടെയാണ് യു.എസിന്റെ മധ്യസ്ഥ നീക്കങ്ങളെ സംശയമുനയിലാക്കുന്ന പുതിയ നീക്കം. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ കുറ്റം ചുമത്തിയിരുന്നെന്നും എന്നാൽ, ഹനിയ്യയെ ജീവനോടെ പിടിക്കുകയെന്ന ലക്ഷ്യത്തോടെ വെളിപ്പെടുത്തൽ വൈകിപ്പിക്കുകയായിരുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. ഹനിയ്യ കൊല്ലപ്പെട്ടതോടെ പുറത്തുവിടുകയായിരുന്നു.

അതിനിടെ, ഗസ്സ വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനു മേൽ സമ്മർദം ശക്തമാണ്. ഗസ്സയുടെ തെക്കൻ അതിർത്തിയിലെ ഫിലഡെൽഫി ഇടനാഴിയുടെ നിയന്ത്രണം വിടില്ലെന്ന നെതന്യാഹു നിലപാടിന്റെ പേരിൽ വെടിനിർത്തലും ബന്ദി കൈമാറ്റവും മുടങ്ങാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വെസ്റ്റ് ബാങ്കിനെ കൂടി ഇസ്രായേലിന്റെ ഭാഗമാക്കിയുള്ള പുതിയ ഭൂപടം അവതരിപ്പിച്ച് എല്ലാ ഒത്തുതീർപ് നീക്കങ്ങളെയും അട്ടിമറിക്കുകയാണ് നെതന്യാഹു.

നിലക്കാതെ കുരുതി; 42 മരണം

ഗസ്സ സിറ്റി: അമേരിക്കയുടെ നേതൃത്വത്തിൽ പുതിയ വെടിനിർത്തൽ നീക്കങ്ങൾക്ക് ശ്രമം ശക്തമാക്കുന്നതിനിടെയും ഗസ്സയിൽ വംശഹത്യക്ക് ഇടവേള നൽകാതെ ഇസ്രായേൽ. 24 മണിക്കൂറിനിടെ 42 പേരാണ് കൊല്ലപ്പെട്ടത്. നുസൈറാത്ത്, ഇതോടെ, ഗസ്സയിൽ ഇസ്രായേൽ വംശഹത്യയിൽ കൊല്ലപ്പെട്ടവർ 40,861 ആയി. വെസ്റ്റ് ബാങ്കിൽ 685പേരും വധിക്കപ്പെട്ടു. അതിനിടെ, ഇസ്രായേൽ കരസേന മേധാവി മേജർ ജനറൽ താമിർ യദായി വിരമിക്കൽ പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് വിശദീകരണം.

‘മൊസാദ് ഏജന്റ്’ തുർക്കിയയിൽ പിടിയിൽ

അങ്കാറ: തുർക്കിയയിൽ മൊസാദ് രഹസ്യാന്വേഷണ ഏജൻസിയുടെ സാമ്പത്തിക ശ്രംഖല കൈകാര്യം ചെയ്തെന്ന് സംശയിക്കുന്നയാൾ പിടിയിൽ. കൊസോവ പൗരനായ ലിറിഡൻ റക്സ്ഹെപിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. തുർക്കിയയിലെ മൊസാദ് ഏജന്റുമാർക്ക് പണം കൈമാറ്റം നടത്തിയെന്ന് കുറ്റം സമ്മതിച്ചതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - US files criminal charges against Hamas leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.