വാഷിംങ്ടൺ: യമനിലെ ഹൂതി ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള സെൻസിറ്റീവ് ആയ കാര്യങ്ങൾ യു.എസ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ചർച്ച ചെയ്ത ‘സിഗ്നൽ’ മെസേജിങ് ആപ്പിലെ ചാറ്റിൽ നിന്നുള്ള സന്ദേശങ്ങൾ സംരക്ഷിക്കാൻ ഇടപെട്ട് യു.എസ് ഫെഡറൽ ജഡ്ജി. വിവാദ ചാറ്റിലെ ഏതെങ്കിലും സന്ദേശങ്ങൾ ഇല്ലാതാക്കുന്നതിനെതിരെ യു.എസ് ജഡ്ജി ജെയിംസ് ബോസ്ബർഗ്, ട്രംപ് സർക്കാറിന് താൽക്കാലിക വിലക്ക് പുറപ്പെടുവിച്ചു.
‘ദി അറ്റ്ലാന്റിക്’ മാസികയിലെ ഒരു പത്രപ്രവർത്തകനെ ആകസ്മികമായി ചർച്ചയിൽ ഉൾപ്പെടുത്തിയതിൽ നിന്ന് ഉടലെടുത്ത ആ ചാറ്റ് ദേശീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ്, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് എന്നിവർ ഉൾപ്പെട്ട ചർച്ചയിൽ അറ്റ്ലാന്റിക്കിന്റെ എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗും ഉൾപ്പെട്ടിരുന്നു. സെൻസിറ്റീവ് ആയ സൈനിക വിവരങ്ങൾ വെളിപ്പെടുത്തുന്ന മുഴുവൻ സിഗ്നൽ ചാറ്റും
കഴിഞ്ഞ ആഴ്ച ‘അറ്റ്ലാന്റിക്’ പ്രസിദ്ധീകരിച്ചു.
ഈ മാസം ആദ്യം യെമനിലെ ഹൂതികൾക്കെതിരായ ആക്രമണങ്ങൾ ആരംഭിക്കുന്നതിനുമുമ്പ് യുദ്ധവിമാന വിക്ഷേപണങ്ങളുടെ കൃത്യമായ സമയക്രമവും ബോംബുകൾ എപ്പോൾ വീഴുമെന്നും പീറ്റ് ഹെഗ്സെത്ത് ചാറ്റിൽ നൽകുകയുണ്ടായി. ലക്ഷ്യമിട്ട തീവ്രവാദി എവിടെയാണ് നിലയുറപ്പിച്ചത്? ആയുധങ്ങളും വിമാനങ്ങളും എപ്പോൾ ഉപയോഗിക്കും? എന്നിവ ഹെഗ്സെത്ത് അതിൽ വിശദീകരിക്കുന്നു.
മാർച്ച് 11നും മാർച്ച് 15നും ഇടയിൽ മാധ്യമപ്രവർത്തകന് സംഭാഷണത്തിലേക്ക് പ്രവേശനമുണ്ടായിരുന്നതിനാൽ, പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം മുഴുവൻ സംഭാഷണത്തിന്റെയും രേഖകൾ സൂക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വ്യാഴാഴ്ച ജഡ്ജി ജെയിംസ് ബോസ്ബർഗ് വിധിച്ചു. ഫെഡറൽ റെക്കോർഡ്സ് നിയമത്തിന്റെ ലംഘനമായി സന്ദേശങ്ങൾ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയിൽ നിന്നാണ് ജഡ്ജിയുടെ ഉത്തരവ്.
ഈ ആഴ്ച ‘ദി അറ്റ്ലാന്റിക്കി’ൽ പ്രസിദ്ധീകരിച്ച യഥാർത്ഥ സന്ദേശങ്ങൾ ഇല്ലാതാക്കുന്നത് തടയാൻ ‘അമേരിക്കൻ ഓവർസൈറ്റ്’ എന്ന ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടന കോടതിയെ സമീപിക്കുകയായിരുന്നു. സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് അവർ വാദിച്ചു. ‘സിഗ്നൽ’ ആപ്പിലെ സന്ദേശങ്ങൾ സ്വയമേവ ഇല്ലാതാക്കാൻ അധികൃതർ സജ്ജീകരിച്ചിട്ടുണ്ടെന്ന് ‘ദി അറ്റ്ലാന്റിക്’ റിപ്പോർട്ട് ചെയ്തതായും അവർ ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്കും കോൺഗ്രസിനും സർക്കാറിന്റെ പ്രവർത്തനങ്ങൾ അറിയാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്ന ഈ പെരുമാറ്റത്തിന് ന്യായമായ ഒരു കാരണവുമില്ലെന്നും അവർ വാദിക്കുന്നു.
ഭരണകൂട ഉദ്യോഗസ്ഥർ ആശയവിനിമയം നടത്താൻ പതിവായി ‘സിഗ്നൽ’ ഉപയോഗിക്കുന്നുണ്ടെന്ന് ഈ ഗ്രൂപ്പ് സംശയിക്കുന്നു. സൈനിക നടപടി ആസൂത്രണം ചെയ്യുന്നത് പോലുള്ള സുപ്രധാന വിഷയങ്ങളിൽ പോലും വാണിജ്യ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്, മറ്റ് ഔദ്യോഗിക സർക്കാർ കാര്യങ്ങൾ നടത്താൻ ‘സിഗ്നൽ’ ആപ് ഉപയോഗിച്ചിരിക്കണമെന്ന അനുമാനത്തിലേക്ക് നയിക്കുന്നുവെന്ന് അമേരിക്കൻ ഓവർസൈറ്റിന്റെ അഭിഭാഷകർ കോടതി ഫയലിംഗിൽ ചൂണ്ടിക്കാട്ടി.
അതിനിടെ, സന്ദേശങ്ങൾ ശേഖരിച്ച് സംരക്ഷിക്കാൻ ഭരണകൂടം ഇതിനകം നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സർക്കാർ അഭിഭാഷകൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.