വാഷിങ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവാഹേതര ബന്ധം മറച്ചുവെക്കുന്നതിന് പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ ജനുവരി 10ന് കോടതി വിധി പറയും. ജനുവരി 20ന് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പാണ് കോടതി വിധി വരിക. അതേസമയം, കേസിൽ ട്രംപ് ജയിലിൽ പോകേണ്ടി വരില്ലെന്നാണ് വൈറ്റ്ഹൗസ് നൽകുന്ന സൂചന. പിഴയും ചുമത്തില്ല. ട്രംപിനെ ഉപാധികളില്ലാതെ വിട്ടയക്കാനാണ് സാധ്യത.
അതേസമയം, ഇത്തരമൊരു കേസിൽ ശിക്ഷാവിധിയേറ്റു വാങ്ങുന്ന ആദ്യ പ്രസിഡന്റ് എന്ന കളങ്കം ട്രംപിന്റെ പേരിലുണ്ടാകും. മാൻഹട്ടൻ കോടതിയിലെ ജഡ്ജി ജുവാൻ എം. മെർച്ചന്റ് ആണ് നടപടികൾക്ക് നേതൃത്വം നൽകുക. ട്രംപിന് വേണമെങ്കിൽ കോടതി നടപടികളിൽ വെർച്വലായും പങ്കെടുക്കാം.
രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നതിനാൽ തനിക്കെതിരായ കേസ് ഒതുക്കിത്തീർക്കാൻ ട്രംപ് ശ്രമിച്ചിരുന്നു.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു കാലത്ത് സ്റ്റോമി ഡാനിയൽസുമായുള്ള വിവാഹേതരബന്ധം മറച്ചുവെക്കാൻ ട്രംപ് പണം നൽകിയെന്നതാണ് കേസ്. പണമിടപാടുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളിൽ കൃത്രിമത്വം കാട്ടിയതടക്കം ട്രംപിനെതിരേ ചുമത്തിയ 34 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതിവിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.