തെൽഅവീവ്: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് പിന്നാലെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഇസ്രായേൽ സന്ദർശനത്തിനെത്തുന്നു. ഈ ആഴ്ച അവസാനമാണ് സന്ദർശനം. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഫിൽ ഗോർഡൻ എന്നിവരുൾപ്പെടെ നിരവധി ഉന്നതതല വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അടുത്തിടെ ഇസ്രായേൽ സന്ദർശിച്ചിരുന്നു.
ഗസ്സയിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കാൻ ജെയ്ക് സള്ളിവൻ ഇടപെടുമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സാധാരണ പൗരൻമാർക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ യു.എസിന്റെ ആശങ്ക അദ്ദേഹം അറിയിക്കുമെന്നും പത്രം റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഗസ്സ വിഷയത്തിൽ അമേരിക്ക തുടരുന്ന ഇരട്ടത്താപ്പ് ലോകവ്യാപക വിമർശനം ക്ഷണിച്ചുവരുത്തുകയാണ്. മാനുഷിക സഹായം എത്തിക്കാനും സിവിലിയൻ സുരക്ഷ ശ്രദ്ധിക്കാനും സമ്മർദം ചെലുത്തുമെന്ന് പറയുന്ന അമേരിക്കയാണ് കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കാൻ ഇസ്രായേലിന് ആയുധം വിതരണം ചെയ്യുന്നത്. വെടിനിർത്തലിനെതിരെ വീറ്റോ പ്രയോഗിച്ചതും ഈ ഇരട്ടത്താപ്പിന്റെ ഭാഗമാണ്.
സിവിലിയന്മാരെ കൊല്ലാതെ നോക്കണമെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കൻ ഇസ്രായേലിനോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതേ ബ്ലിങ്കൻ തന്നെ 10.6 കോടി ഡോളർ വിലമതിക്കുന്ന ആയുധങ്ങൾ ഇസ്രായേലിന് കൈമാറാൻ വെള്ളിയാഴ്ച അനുമതി നൽകി. ‘‘ഉടൻ കൈമാറേണ്ട അടിയന്തര സാഹചര്യം നിലനിൽക്കുന്നു’’ എന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.
അമേരിക്കൻ കോൺഗ്രസിനെ മറികടന്നാണ് 13,000 ടാങ്ക് ഷെല്ലുകൾ ഇസ്രായേലിന് അടിയന്തരമായി അയച്ചുകൊടുക്കാൻ ബൈഡൻ ഭരണകൂടം നടപടിയെടുത്തത്. സാധാരണ നിലക്ക് ഇത്തരം ആയുധക്കൈമാറ്റം കോൺഗ്രസിന്റെ പ്രത്യേക പരിഗണനക്കും അനുമതിക്കും ശേഷമേ പാടുള്ളൂ. ചുരുങ്ങിയത് 20 ദിവസമെങ്കിലും എടുക്കുന്ന ഈ ജനാധിപത്യ പ്രക്രിയയെ മറികടന്നാണ് ഒറ്റദിവസം കൊണ്ട് ആയുധം കൈമാറാൻ തീരുമാനമെടുത്തത്. ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ അടിയന്തര വകുപ്പ് പ്രയോഗിച്ച് വെള്ളിയാഴ്ച രാത്രി 11 മണിക്ക് വെടിക്കോപ്പുകൾ നൽകുന്നതായി സ്റ്റേറ്റ് വകുപ്പ് കോൺഗ്രസിന് അറിയിപ്പ് നൽകിയത്.
ശരാശരി 159 ടൺ എന്ന തോതിൽ ഓരോ ദിവസവും ഇസ്രായേലിലെത്തുന്നുവെന്ന് കണക്കുകൾ പറയുന്നു. ഒക്ടോബർ ഏഴിനു ശേഷം മാത്രം ഇസ്രായേലിന് യു.എസ് 10,000 ടൺ ആയുധങ്ങൾ നൽകിയതായാണ് റിപ്പോർട്ടുകൾ. രണ്ടുദിവസം മുമ്പാണ് യു.എസ് ആയുധങ്ങൾ വഹിച്ച 200ാമത് ചരക്കുവിമാനം ഇസ്രായേലിലെത്തിയത്.
കൂടാതെ, വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ സെക്രട്ടറി ജനറൽ വിളിച്ചുചേർത്ത രക്ഷാസമിതി യോഗത്തിൽ അമേരിക്ക മാത്രമാണ് ഇസ്രായേലിന് അനുകൂലമായി നിലപാടെടുത്തത്. മൊത്തം 15 അംഗ രാജ്യങ്ങളിൽ 13ഉം ഗസ്സയിൽ വെടിനിർത്തലിനനുകൂലമായി വോട്ട് ചെയ്തപ്പോൾ അമേരിക്ക മാത്രം എതിരായി വോട്ട് ചെയ്തു. ഗസ്സയിലെ വംശഹത്യ തുടരുന്നതിൽ യു.എസ് വീറ്റോ പ്രയോഗത്തിന് കാര്യമായ പങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.