വലിഞ്ഞുകയറിയും ബാരിക്കേഡുകൾ തകർത്തും ട്രംപ് അനുകൂലികൾ; മരണം നാലായി, ഞെട്ടിത്തരിച്ച് യു.എസ്

വാഷിങ്ടൺ: ചരിത്രത്തിൽ മുമ്പില്ലാത്ത വിധം അക്രമികൾ പാർലമെന്‍റ് മന്ദിരത്തിൽ അഴിഞ്ഞാടിയതിന്‍റെ ഞെട്ടലിലാണ് അമേരിക്കൻ ജനത. ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് അക്രമാസക്തരായി വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചുകയറിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തെറിഞ്ഞും കെട്ടിടത്തിൽ വലിഞ്ഞുകയറിയും ഔദ്യോഗിക കസേരകളിൽ ഇരുന്നും അക്രമികൾ അഴിഞ്ഞാടിയ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. അക്രമത്തെ ശക്തമായി അപലപിച്ച് ലോക നേതാക്കൾ രംഗത്തെത്തി.



ബുധനാഴ്ച ഉച്ചയോടെയാണ് പാർലമെന്‍റ് മന്ദിരത്തിലേക്ക് അക്രമികൾ ഇരച്ചുകയറിയത്. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു അക്രമം. ട്രംപിനെ അനുകൂലിച്ച് നടന്ന റാലിയിൽ ‍ആയിരങ്ങൾ അണിനിരന്നിരുന്നു. ഇവർ പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ ഒത്തുകൂടുകയും വ്യാപക അക്രമം അഴിച്ചുവിടുകയുമായിരുന്നു.



ബാരിക്കേഡുകൾ തർത്ത് പാർലമെന്‍റിനകത്തേക്ക് കുതിച്ച അക്രമികൾ പൊലീസുമായി ഏറ്റുമുട്ടി. ഇതിനകം വൈസ് പ്രസിഡന്‍റ് മൈക് പെൻസ് ഉൾപ്പെടെ മുഴുവൻ ജനപ്രതിനിധികളെയും സുരക്ഷിതമായി മാറ്റി. അപ്പോഴേക്കും പല വഴികളിലൂടെ വാതിലുകളും ജനാലകളും തകർത്തും ഭിത്തികളിലൂടെ വലിഞ്ഞുകയറിയും അക്രമികൾ കെട്ടിടത്തിനകത്തേക്ക് കടന്നിരുന്നു.



ഇന്ത്യൻ സമയം പുലർച്ചെ 1.30ഓടെ തുടങ്ങിയ അതിക്രമം നിയന്ത്രണവിധേയമാക്കിയത് നാല് മണിക്കൂറിന് ശേഷമാണ്. ദേശീയ സുരക്ഷാ സേനയെ നിയോഗിക്കുകയും അക്രമികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചിരുന്നു. പാർലമെന്‍റിന് സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് മരണസംഖ്യ നാലായതായി അധികൃതർ സ്ഥിരീകരിച്ചു.



കാപ്പിറ്റോള്‍ കലാപത്തെ യു.എസ് കോണ്‍ഗ്രസിലുണ്ടായ അപമാനകരമായ രംഗങ്ങളെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്. വാഷിങ്ടണില്‍ നടന്നത് അമേരിക്കക്കാര്‍ക്ക് ചേര്‍ന്നതല്ലെന്നും ജനാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന കുറച്ചുപേരുടെ അക്രമത്തിന് വഴങ്ങില്ലെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ട്രംപ് അനുകൂലികള്‍ അവസാനിപ്പിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് അഭിപ്രായപ്പെട്ടു.



ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. അക്രമമാർഗത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാവില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ ഉയർന്നുവന്ന തീരുമാനത്തെ ഒരു ജനക്കൂട്ടം അട്ടിമറിക്കരുതെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. അത്യധികം ദുഃഖകരമായ രംഗങ്ങളാണ് അമേരിക്കയിൽ നടന്നതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.