ട്രംപ് അധികാരത്തിൽ; നോർത് കരോലൈനയും ജോർജിയയും പിടിച്ചു; സ്വിങ് സ്റ്റേറ്റുകളിൽ റിപ്പബ്ലിക്കൻ മുന്നേറ്റം

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്‍റെ മുന്നേറ്റം തുടരുന്നു. വിധി നിർണയിക്കുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി.

നോർത് കരോലൈന, ജോർജിയ സ്റ്റേറ്റുകളിൽ വിജയം ഉറപ്പിച്ചു. ട്രംപിന് ഇതുവരെ 247 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് 214 വോട്ടുകളാണ് ലഭിച്ചത്. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാകും. ട്രംപ് ജയിക്കുമെന്നാണ് പുറത്തുവരുന്ന ഫലസൂചനകൾ നൽകുന്നത്.

ഉപരിസഭയായ സെനറ്റിലും റിപ്പബ്ലിക് പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളിൽ ജയിച്ചാണ് സെനറ്റിൽ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗൻ, പെൻസൽവേനിയ, വിസ്കോൺസൻ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്. മിഷിഗനിൽ കമല തുടക്കത്തിൽ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. കമലക്ക് ജയിക്കണമെങ്കിൽ പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകൾ പിടിക്കണമായിരുന്നു. എന്നാൽ, ഈ മൂന്നു സ്റ്റേറ്റുകളിലും ട്രംപ് മുന്നേറുകയാണ്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.

വ്യോമിങ്, വെസ്റ്റ് വെര്‍ജീനിയ, ഉറ്റാഹ്, ടെക്‌സാസ്, ടെന്നസീ, സൗത്ത് ഡക്കോട്ട, സൗത്ത് കരോലൈന, ഒക്‌ലാഹോമ, ഓഹിയോ, നബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, നോര്‍ത്ത് കരോലൈന, മൊണ്ടാന, മിസിസിപ്പി, മിസൗറി, ലൂസിയാന, കെന്റകി, കന്‍സാസ്, ഇന്ത്യാന, ഇദാഹോ, ലോവ, ഫ്‌ളോറിഡ, അര്‍കന്‍സാസ്, അലബാമ, ജോർജിയ സ്‌റ്റേറ്റുകളാണ് ട്രംപിനൊപ്പം നില്‍ക്കുന്നത്.

വാഷിങ്ടണ്‍, വെര്‍മൗണ്ട്, വെര്‍ജീനിയ, റോഡ് ഐലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ന്യൂമെക്‌സിക്കോ, ന്യൂജേഴ്‌സി, നെബ്രാസ്‌ക, മെയ്‌നെ, മെറിലാന്‍ഡ്, മസാച്യുസെറ്റ്‌സ്, ഇല്ലിനോയിസ്, ഹവായ്, ഡെലാവെയര്‍, ഡി.സി, കണക്ടികട്, കൊളറാഡോ, കാലിഫോര്‍ണിയ എന്നീ സ്‌റ്റേറ്റുകളാണ് കമലക്കൊപ്പം നില്‍ക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി 47 സംസ്ഥാനങ്ങളിലായി 7.8 കോടി വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു ദിവസത്തിനു മുമ്പുതന്നെ രേഖപ്പെടുത്തുന്ന ഈ വോട്ടുകൾ ചില സൂചനകൾ നൽകുമെങ്കിലും ഫലം പ്രവചനാതീതമെന്നാണ് സി.എൻ.എൻ കരുതുന്നത്. അടുത്തകാലത്തായി നടന്ന 10 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിന്റെയും ഫലം ശരിയായി പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകനും ചരിത്രകാരനുമായ അല്ലൻ ലിച്ച്മാൻ ജയം പ്രവചിക്കുന്നത് കമലക്കാണ്.

ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ ആശങ്കയുണർത്തുന്നുവെങ്കിലും മാർക്കറ്റുകൾ ഉറ്റുനോക്കുന്നത് ട്രംപിന്റെ വിജയത്തിലേക്കാണ്. ലാസ് വെഗാസ് അടങ്ങുന്ന വാതുവെപ്പ് കേന്ദ്രങ്ങളും മാർക്കറ്റുകളും ട്രംപിന്റെ വിജയം പ്രവചിക്കുന്നു. ട്രംപിനെ പിന്തുണക്കുന്ന ഫോക്സ് ടി.വി ഈ പ്രവചനങ്ങൾ ശരിവെക്കുന്നു. എന്നാൽ, മാർക്കറ്റ് ശക്തികൾ അവരാഗ്രഹിക്കുന്ന ഫലം പ്രവചിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. അതുകൊണ്ടുതന്നെ കമല ജയിക്കണമെന്നാഗ്രഹിക്കുന്നവർ അവരുടെ പ്രവചനങ്ങൾ തള്ളിക്കളയുന്നു.

Tags:    
News Summary - US President Election: Trump Wins Georgia and North Carolina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.