ന്യൂയോർക്ക്: നിലവിലെ പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് വീണ്ടും തുടരാനാകുമോ, ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ അട്ടിമറി വിജയം നേടുമോ- ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഇന്ന്. പ്രചാരണത്തിെൻറ അവസാന മണിക്കൂറുകളിലും വിജയം സംബന്ധിച്ച് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച ഇരു സ്ഥാനാർഥികളും മൂർച്ചയേറിയ ഭാഷയിലാണ് എതിരാളികൾക്കെതിരെ പ്രതികരിച്ചത്.
ബൈഡെൻറ പദ്ധതികൾ അമേരിക്കയെ ജയിലാക്കി മാറ്റുകയും തീവ്ര ഇടതു ലഹളക്കാർക്ക് തീവെപ്പിനും കൊള്ളയടിക്കും സൗകര്യമൊരുക്കുകയും ചെയ്യുമെന്നാണ് പ്രസിഡൻറ് ട്രംപ് ആക്ഷേപിച്ചത്. എന്നാൽ, വെറുപ്പിെൻറ തീപ്പൊരികളെ ആളിക്കത്തിച്ച പ്രസിഡൻറുകാലത്തിന് അറുതിവരുത്തുമെന്നും ട്രംപിന് മടക്കയാത്രക്കൊരുങ്ങാൻ സമയമായെന്നും ബൈഡൻ പ്രഖ്യാപിച്ചു.
93 ദശലക്ഷത്തിലേറെ ആളുകൾ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ബൈഡന് ട്രംപിനേക്കാൾ മുൻതൂക്കമുണ്ടെന്നാണ് ആദ്യഘട്ട സൂചനകളും നിരീക്ഷകരുടെ കണക്കുകൂട്ടലും. എന്നാൽ, തെരഞ്ഞെടുപ്പ് ദിനത്തിനു ശേഷം എത്തുന്ന തപാൽ വോട്ടുകൾ എണ്ണുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ട്രംപിെൻറ ഭീഷണി.
ബൈഡന് വ്യക്തമായ ഭൂരിപക്ഷം നൽകിയാൽ ഇത്തരം നിയമനടപടി വഴി ഫലം അട്ടിമറിക്കാനാവില്ലെന്നും വോട്ടുചെയ്യുന്നതിൽ ആരും ഉപേക്ഷ വിചാരിക്കരുതെന്നും ഡെമോക്രാറ്റിക് വൈസ് പ്രസിഡൻറ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസും വോട്ടർമാരെ ഓർമപ്പെടുത്തി.
ദേശീയവാദികളും വലതുപക്ഷ സമൂഹവും ട്രംപിന് ഉറച്ച പിന്തുണയുമായുണ്ട്. കഴിഞ്ഞകുറി തനിക്ക് ഭൂരിപക്ഷം സമ്മാനിച്ച സ്റ്റേറ്റുകൾ ഇത്തവണയും ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. പാളിച്ചകൾ തുറന്നു കാട്ടുന്ന പരസ്യ പരമ്പരകളുമായി കാമ്പയിൻ നടത്തുന്ന ലിങ്കൻ പ്രോജക്ട് കൂട്ടായ്മയാണ് ട്രംപിന് കനത്ത ഭീഷണി സൃഷ്ടിക്കുന്നത്.
കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ ട്രംപ് ഭരണകൂടത്തിന് സംഭവിച്ച വീഴ്ച, തൊഴിലില്ലായ്മ, വംശീയ അക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.