റിയാദ്: ബന്ധം പുനഃസ്ഥാപിക്കാനും സഹകരണം ശക്തമാക്കാനും തീരുമാനിച്ച് യു.എസ്-റഷ്യ ഉന്നതതല സംഘം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം റിയാദിൽ നടത്തിയ ചർച്ചയിലാണ് തർക്കങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. യുക്രെയ്ൻ സമാധാന ചർച്ചകൾ തുടരാനും യു.എസ്-റഷ്യ എംബസികൾ ഉടൻ പുനരാരംഭിക്കാനും സാമ്പത്തിക ഉപരോധങ്ങൾ നീക്കാനും ചർച്ചയിൽ തീരുമാനിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ചക്ക് വേദിയൊരുക്കുക ചർച്ചയുടെ ലക്ഷ്യമായിരുന്നെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.
സാമ്പത്തിക സഹകരണം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് റഷ്യയുടെയും യു.എസിന്റെയും ഉന്നതതല സമിതി കൂടുതൽ ചർച്ചകൾ നടത്തും. യുക്രെയ്ന് നാറ്റോ അംഗത്വം നൽകുന്നത് സുരക്ഷക്ക് ഭീഷണിയാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും റഷ്യ യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രതിനിധികളെ യു.എസ് നിശ്ചയിക്കുന്നതോടെ യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കാമെന്നും അവർ അറിയിച്ചു.
കൂടിക്കാഴ്ച ഉപയോഗപ്രദമായിരുന്നെന്ന് ലവ്റോവ് പ്രതികരിച്ചു. ഇരുവിഭാഗവും പരസ്പരം കേൾക്കാൻ തയാറായെന്നും അദ്ദേഹം പറഞ്ഞു. യു.എസ്-റഷ്യ ബന്ധം പുനഃസ്ഥാപിക്കാനുള്ള അപൂർവ അവസരമാണിതെന്ന് റൂബിയോ അഭിപ്രായപ്പെട്ടു. സമാധാന കരാർ യു.എസിനും റഷ്യക്കും യുക്രെയ്‌നും യൂറോപ്പിനും സ്വീകാര്യമായിരിക്കണം എന്ന് വ്യക്തമാക്കിയ റൂബിയോ, യുക്രെയ്‌നെയും യൂറോപ്പിനെയും അവഗണിച്ചെന്ന ആരോപണം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.