യുക്രെയ്ൻ അതിർത്തിയിൽ റഷ്യ 7000ത്തോളം സൈനികരെ അധികമായി വിന്യസിച്ചുവെന്ന് യു.എസ്

വാഷിങ്ടൺ: യുക്രെയ്ൻ അതിർത്തിയിൽ റഷ്യ 7000ത്തോളം സൈനികരെ അധികമായി വിന്യസിച്ചുവെന്ന ആരോപണവുമായി യു.എസ്. അതിർത്തിയിൽ നിന്നും സൈനിക പിന്മാറ്റം തുടങ്ങിയെന്ന റഷ്യയുടെ വാദങ്ങളേയും യു.എസ് തള്ളി. മുതിർന്ന യു.എസ് ഉദ്യോഗസ്ഥനാണ് അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിച്ചുവെന്ന റഷ്യൻ വാദം കളവാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

യുക്രെയ്ൻ അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിച്ചുവെന്ന റഷ്യൻ പ്രസിഡന്റ് പുടിന്റെ പ്രസ്താവന ഒരു മറയാണെന്നും അദ്ദേഹം ആരോപിച്ചു. പരസ്യമായി ചർച്ചകൾക്ക് തയാറാണെന്ന് പറയുകയും സൈന്യത്തെ പിൻവലിച്ചുവെന്ന് അറിയിക്കുകയും ചെയ്യുന്ന റഷ്യൻ പ്രസിഡന്റ് രഹസ്യമായി യുദ്ധത്തിനുള്ള സാഹചര്യമൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്ന് വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പുറത്ത് വന്നേക്കാം. എന്നാൽ, ഇതൊന്നും യു.എസ് കാര്യമായി എടുക്കുന്നില്ല. നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരും. വിനാശകരമായ യുദ്ധം തുടങ്ങുന്നതിന് മുമ്പ് റഷ്യ നിലപാട് മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യൻ സൈന്യത്തെ യുക്രെയ്ൻ അതിർത്തിയിൽ നിന്ന് പിൻവലിച്ചതിൽ സംശയം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റഷ്യ സൈന്യത്തെ പിൻവലിച്ചത് നല്ല കാര്യമാണ്. എന്നാൽ, ഇതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യയുടെ നിലവിലെ സ്ഥാനം ആശങ്കപ്പെടുത്തുന്നത് തന്നെയാണെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - US says Russia has added 7,000 troops along Ukraine border, despite claims of pullback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.