വാഷിങ്ടൺ: അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പുറത്താക്കില്ലെന്ന് വൈസ് പ്രസിഡന്‍റ് മൈക് പെൻസ്. സമ്മർദത്തിന് വഴങ്ങില്ല. ഇംപീച്ച്മെന്‍റ് പ്രമേയത്തിൽ നിന്ന് പിന്മാറണണമെന്നും പെൻസ് വ്യക്തമാക്കി. ഭരണപരമായ കർത്തവ്യങ്ങൾ മറന്ന ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗപ്പെടുത്തി വൈസ് പ്രസിഡൻ്റ് പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.
കാപിറ്റൽ ഹിൽ ബിൽഡിങ്ങിലെ ആക്രമണത്തിന് താൻ പ്രേരിപ്പിച്ചെന്ന ആരോപണം ഡോണൾഡ് ട്രംപ് നിഷേധിച്ചു. തന്‍റെ പ്രസംഗത്തിൽ ഒരിടത്തും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാക്കുകളില്ല. ഇംപീച്ച്മെന്‍റ് നീക്കം അപകടകരമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ട്രംപിനെതിരായ ഇംപീച്ച്മെൻറ് നടപടിയുടെ ഭാഗമായി യു.എസ് പ്രതിനിധിസഭയിലെ വോട്ടെടുപ്പ് ഇന്ന് നടക്കും. കാപിറ്റൽ ഹിൽ കലാപവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ മുൻനിർത്തിയാണ് ഇംപീച്ച്മെൻറ് നടപടി. െഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയിൽ ഇംപീച്ച്മെൻറ് പ്രമേയം പാസായേക്കും.
അതേസമയം, ഉപരിസഭയായ സെനറ്റിൽ നിലവിൽ ഒരു വോട്ടിെൻറ നേരിയ ഭൂരിപക്ഷം റിപ്പബ്ലിക്കുകൾക്കായതിനാൽ ഇംപീച്ച്മെൻറ് പാസാകില്ല. നിയുക്ത പ്രസിഡൻറ് ബൈഡൻ ചുമതലയേൽക്കുന്ന ജനുവരി 20നു മുമ്പ് സെനറ്റ് വോട്ടെടുപ്പ് നടന്നേക്കില്ലെന്നാണ് റിപ്പോർട്ട്.
ജോർജിയ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചു, രാജ്യത്തിനെതിരെ അട്ടിമറിശ്രമം നടത്തി എന്നീ രണ്ടു കുറ്റങ്ങൾ കൂടി ട്രംപിനെതിരെ െഡമോക്രാറ്റ് അംഗം ഇൽഹാൻ ഉമർ അവതരിപ്പിച്ചു. ഭരണകാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്മെൻ്റ് പ്രമേയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.