വാഷിങ്ടൺ: നവംബർ മൂന്നിന് നടക്കുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ജയിച്ചാൽ അമേരിക്ക തകരുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ലോകം നോക്കി ചിരിക്കുന്ന രാജ്യമായി യു.എസ് മാറുമെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ വാർത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈഡൻ മുന്നോട്ടുവെക്കുന്ന നയങ്ങൾ രാജ്യത്തിന് നല്ലതല്ല. മഹാമാരിയെ രാഷ്ട്രീയവത്കരിക്കുകയാണ് അദ്ദേഹം. ബൈഡന് അമേരിക്കൻ ജനതയോട് ബഹുമാനമില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് ബൈഡനും സഖ്യവും മുന്നോട്ടുവെക്കുന്നത്.
കഴിഞ്ഞ ദിവസം ബൈഡനെ പ്രശംസിച്ച ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയപാൽ സോഷ്യലിസ്റ്റും റാഡിക്കലുമാണെന്ന് 'ഫോക്സ് ന്യൂസ്' വിമർശിച്ചിരുന്നു. ഈ വിഡിയോ ദൃശ്യം ഉൾപ്പെടുത്തി ബൈഡനെതിരായ വിമർശനം ട്രംപ് ട്വീറ്റ് ചെയ്യുകയുമുണ്ടായി. അതിർത്തികൾ തുറന്നിടാനാണ് ഡെമോക്രാറ്റുകൾ പറയുന്നത്. അങ്ങനെ തുറന്നിട്ടാൽ പിന്നെ രാജ്യം ഉണ്ടാകില്ല -ട്രംപ് പറഞ്ഞു. ൈബഡനും വൈസ് പ്രസിഡൻറ് സ്ഥാനാർഥിയാകുന്ന കമല ഹാരിസും സംയുക്ത പൊതുയോഗം ചേർന്നതിനു പിന്നാലെയാണ് ട്രംപ് വിമർശനവുമായി എത്തിയത്. ഇതിൽ ട്രംപിനെതിരെ കമല ഹാരിസ് രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഇതിനെതിരെ കമലയെ കഴിഞ്ഞ ദിവസം ട്രംപ് പ്രചാരണ ഗ്രൂപ് കടന്നാക്രമിച്ചു. കമല ധാർമികമായും ബൗദ്ധികമായും ഒന്നും കൈവശമില്ലാത്തയാളാണെന്നാണ് ഇവർ പറഞ്ഞത്. അമേരിക്കയെ സോഷ്യലിസ്റ്റ് രാജ്യമാക്കാനാണ് ശ്രമമെന്നും ട്രംപ് ക്യാമ്പ് പറഞ്ഞു.
യു.എസിൽ ജമൈക്കൻ-ഇന്ത്യൻ ദമ്പതികളുടെ മകളായി പിറന്ന കമല ഹാരിസ് യു.എസ് വൈസ് പ്രസിഡൻറാകാൻ നിയമപരമായി യോഗ്യയല്ല എന്നാണ് കേട്ടതെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ, ഈ ആരോപണം നിലനിൽക്കുന്നതല്ലെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരേത്ത മുൻ പ്രസിഡൻറ് ബറാക് ഒബാമക്കെതിരെയും ട്രംപ് സമാന ആരോപണം ഉന്നയിച്ചിരുന്നു. യു.എസിൽ ജനിച്ച് സ്വാഭാവിക പൗരത്വം ഉണ്ടാവുകയും 35 വയസ്സ് പൂർത്തിയാവുകയും 14 വർഷമായി യു.എസിൽ താമസിക്കുകയും ചെയ്യുന്ന ആളാകണം പ്രസിഡൻറ്/വൈസ് പ്രസിഡൻറ് സ്ഥാനാർഥിയെന്നാണ് നിയമം.കമല ഈ യോഗ്യതകളെല്ലാം ഉള്ളയാളാണെന്ന് നോർത്ത്വെസ്റ്റേൺ യൂനിവേഴ്സിറ്റി നിയമവിഭാഗം പ്രഫസർ ജൂലിയറ്റ് സോറൻസെൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
എന്നാൽ, കമല ജനിച്ച 1964ൽ അവരുടെ മാതാപിതാക്കൾ വിദ്യാർഥി വിസയിലാവുകയും പൗരത്വം നേടാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ, കമലക്ക് 'സ്വാഭാവിക പൗരത്വം' അവകാശപ്പെടാനാകില്ലെന്ന് ചില കേന്ദ്രങ്ങൾ അവകാശപ്പെട്ടു. ഇത് നിയമപരമായി അസംബന്ധമാണെന്ന് ബെർക്ലി ലോ സ്കൂൾ ഡീൻ എർവിൻ കെമറിൻസ്കി പറഞ്ഞു. ഭരണഘടനയുടെ 14ാം ഭേദഗതിയുടെ ഒന്നാം ഭാഗത്തിൽ, യു.എസിൽ ജനിച്ച ആരും യു.എസ് പൗരത്വം നേടുമെന്ന് വ്യക്തമായി പറയുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. 1890 മുതൽ ഇക്കാര്യം സുപ്രീംകോടതി ശരിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.