വിദേശത്തും മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു, മതസ്വാതന്ത്ര്യത്തിന് ഗുരുതര ഭീഷണി; മോദി സർക്കാറിനെതിരെ വീണ്ടും യു.എസ് ഏജൻസി

വാഷിങ്ടൺ ഡി.സി: ഇന്ത്യക്ക് പുറമേ വിദേശത്തും മതന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ (യു.എസ്.സി.ഐ.ആർ.എഫ്). ഇതുസംബന്ധിച്ച് കമീഷൻ വിശദമായ പ്രസ്താവനയിറക്കി. മതസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ ഇന്ത്യയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിക്കണമെന്ന് കമീഷൻ യു.എസ് സർക്കാറിനോടാവശ്യപ്പെട്ടു. 

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെയും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിടുകയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. വിദേശത്തുള്ള ആക്ടിവിസ്റ്റുകളെയും പത്രപ്രവര്‍ത്തകരെയും അഭിഭാഷകരെയും നിശബ്ദരാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്‍റെ സമീപകാല ശ്രമങ്ങള്‍ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മത, വിശ്വാസ സ്വാതന്ത്രത്തിനു മേലുള്ള വ്യവസ്ഥാപിത ലംഘനമാണ് ഇന്ത്യയിൽ തുടർന്നുവരുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

കാനഡയിൽ സിഖ് ആക്ടിവിസ്റ്റ് ഹർദീപ് സിങ് നിജ്ജാറിന്‍റെ വധത്തിലും യു.എസിൽ ഗുർപത്വന്ത് സിങ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും ഇന്ത്യൻ സർക്കാറിന് പങ്കുണ്ടെന്ന ആരോപണം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് യു.എസ്.സി.ഐ.ആർ.എഫ് കമീഷണപ്ഡ സ്റ്റീഫൻ ഷ്നെക്ക് പറഞ്ഞു. മതന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശപ്രവർത്തകരെയും രാജ്യത്തിനകത്തും പുറത്തും നിശ്ശബ്ദരാക്കാനുള്ള ഇന്ത്യയുടെ വർധിച്ചുവരുന്ന നീക്കങ്ങളെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന വിദേശത്തുള്ള മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ട് ഇന്ത്യൻ അധികൃതർ ചാര സോഫ്റ്റ്‍വെയറുകളും ഓൺലൈൻ കാമ്പയിനുകളും നടത്തിയെന്ന് പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തിനിടെ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് ചോദ്യംചോദിച്ച വാൾസ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തക സബ്രീന സിദ്ദീഖിക്കെതിരെ ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയുടെ ആഹ്വാനപ്രകാരം നടന്ന സൈബർ ആക്രമണത്തെ കമീഷൻ പരാമർശിക്കുന്നുണ്ട്.

യു.എ.പി.എ, മതംമാറ്റ നിരോധന നിയമം പോലെയുള്ള കരിനിയമങ്ങൾ രാജ്യത്തിനകത്ത് മതസ്വാതന്ത്ര്യത്തെ വ്യവസ്ഥാപിതമായി അടിച്ചമർത്താൻ ഭരണകൂടം ഉപയോഗിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള അടിച്ചമർത്തലുകളും മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളും അപകടകരവും അവഗണിക്കാൻ പറ്റാത്തതുമാണ്. ഇന്ത്യയിലായാലും വിദേശത്തായാലും മതന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെയും സ്വതന്ത്രമായും ജീവിക്കാനും അഭിപ്രായപ്പെടാനുമുള്ള സാഹചര്യം ഉറപ്പുവരുത്താൻ മുതിർന്ന ഇന്ത്യൻ അധികൃതരുമായും അന്താരാഷ്ട്ര പങ്കാളികളുമായും നിരന്തരം ബന്ധപ്പെടണമെന്ന് ബൈഡൻ ഭരണകൂടത്തോട് കമീഷൻ ആവശ്യപ്പെട്ടു.

മതസ്വാതന്ത്രത്തിന്‍റെ കാര്യത്തിൽ ഇന്ത്യയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിക്കണമെന്ന് 2020 മുതൽ യു.എസ്.സി.ഐ.ആർ.എഫ് നിർദേശിക്കുന്നുണ്ട്. 2023ലെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യം ഉന്നയിച്ചിരുന്നു.

അതേസമയം, യു.എസ്.സി.ഐ.ആർ.എഫ് പ്രസ്താവനയെ കുറിച്ച് ഇന്ത്യൻ സർക്കാറോ യു.എസിലെ ഇന്ത്യൻ എംബസിയോ പ്രതികരിച്ചിട്ടില്ല. റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന നിലപാടാണ് മുൻകാലങ്ങളിലെല്ലാം ഇന്ത്യ സ്വീകരിച്ചിരുന്നത്. 

Tags:    
News Summary - USCIRF Alarmed by India’s ‘Increased Transnational Targeting’ of Religious Minorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.