ബീജിങ്: ചൈനയുടെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്കിങ് വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചതായി റിപ്പോർട്ട്. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമടങ്ങുന്ന ടിബറ്റ് എയർലൈൻസിനാണ് തീപിടിച്ചത്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും എയർലൈൻസ് അറിയിച്ചിട്ടുണ്ട്.
ചോങ്കിങ്ങിൽ നിന്ന് ടിബറ്റിലെ നൈൻചിയിലേക്ക് പോകുകയായിരുന്ന വിമാനത്തിന് ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നീങ്ങി തുടങ്ങിയ വിമാനത്തെ നിർത്താന്‍ ശ്രമിച്ചതാണ് റൺവേയിൽ നിന്ന് തെന്നിമാറാനുള്ള കാരണമായി കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ 40 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയതായി എയർപോർട്ട് അറിയിച്ചിട്ടുണ്ട്. വിമാനത്തിന് തീ പിടിക്കുന്നതിന്‍റെയും രക്ഷാപ്രവർത്തനത്തിന്‍റെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിഡിയോ കാണാം
വിമാനത്തിന് മുമ്പ് എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിമാനത്തിന്റെ നാവിഗേഷൻ, മോണിറ്ററിങ് ഉപകരണങ്ങളിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അപകടകാരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാർച്ചിൽ ചൈനയിലെ കുൻമിങ്ങിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോവുകയായിരുന്ന ഈസ്റ്റേൺ വിമാനം മലഞ്ചെരുവിലേക്ക് മറിഞ്ഞ് വിമാനത്തിലുണ്ടായിരുന്ന 132 പേരും മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം. 30 വർഷത്തിനിടയിലെ ചൈനയിലെ ഏറ്റവും വലിയ വിമാന അപകടമായി കരുതുന്ന ഈ സംഭവത്തിന്‍റെ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.