മോസ്കോ: നാറ്റോ രാജ്യങ്ങളുടെ കടുത്ത പ്രതികരണങ്ങൾക്ക് മറുപടിയെന്നോണം റഷ്യൻ ആണവ പ്രതിരോധ സേനയോട് അതീവജാഗ്രത പാലിക്കാൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിർദേശം. വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രതിരോധ മന്ത്രി സെർജി ഷോയിഗു, സായുധ സേന ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവ് എന്നിവരുമായി പുടിൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉത്തരവെന്ന് റഷ്യൻ വാർത്ത ഏജൻസി 'ടാസ്' റിപ്പോർട്ട് ചെയ്തു. 'മുൻനിര നാറ്റോ ശക്തികൾ രാജ്യത്തിനെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുന്നു. കൂടാതെ പാശ്ചാത്യരാജ്യങ്ങൾ റഷ്യയിൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിനാൽ റഷ്യൻ സൈന്യത്തിന്റെ പ്രതിരോധനിരയെ പ്രത്യേക യുദ്ധ ജോലിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിയെയും സായുധ സേന ജനറൽ സ്റ്റാഫ് മേധാവിയെയും പുടിൻ ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. റഷ്യയുടെ ആണവായുധങ്ങൾ വിക്ഷേപണത്തിന് തയാറാക്കാനാണ് നിർദേശമെന്നാണ് മുന്നറിയിപ്പ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.
യുക്രെയ്ൻ പ്രതിസന്ധിയിൽ സജീവമായി ഇടപെടുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പുടിൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്നിലെ പാശ്ചാത്യ ഇടപെടൽ തടയാൻ ബെലറൂസിൽ വിമാനവേധ മിസൈലുകളും നൂതന മിസൈൽ സംവിധാനങ്ങളും സ്ഥാപിക്കുകയും കരിങ്കടലിൽ കപ്പലുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയുടെ നടപടി അംഗീകരിക്കാനാവാത്തതാണെന്ന് യു.എസ് പ്രതികരിച്ചതായി ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് അറിയിച്ചു. സാധ്യമായ രീതിയിൽ പുടിന്റെ ആക്രമണങ്ങൾ തടയുന്നത് തുടരണമെന്ന് ലിൻഡ സി.ബി.എസ് ടി.വിയുടെ 'ഫേസ് ദ നേഷൻ' അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.