ലബനനിലെ വാക്കി-ടോക്കി പൊട്ടിത്തെറി; മരണം 20 ആയി

ബെയ്റൂത്ത്: മൂവായിരത്തോളം പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ മരിക്കുകയും 3000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ ലബനാനിലുണ്ടായ വാക്കി-ടോക്കി പൊട്ടിത്തെറിയിൽ മരണം 20 ആയി. 450 പേർക്കാണ് പരിക്കേറ്റത്. ലബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ലെന്ന് ലബനൻ മാധ്യമങ്ങൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ല​ബ​നീ​സ് സാ​യു​ധ ഗ്രൂ​പ്പാ​യ ഹി​സ്ബു​ല്ല ആ​ശ​യ​ വി​നി​മ​യ​ത്തി​നുപ​യോ​ഗി​ക്കു​ന്ന ‘പേ​ജ​റു’​ക​ൾ വ്യാ​പ​ക​മാ​യി പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഇസ്രായേൽ ഹാക്ക് ചെയ്യാനും നിൽക്കുന്ന സ്ഥലം കണ്ടെത്താനും സാധ്യതയുള്ളതിനാൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല അംഗങ്ങളോട് മൊബൈൽ ഫോൺ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് തായ്‍വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽനിന്ന് ഹിസ്ബുല്ല പേജറുകൾ വാങ്ങി അംഗങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു. തങ്ങളുടെ ബ്രാൻഡ് നെയിമിൽ ഹംഗറിയിലെ ബി.എ.സി കൺസൽട്ടിങ് എന്ന കമ്പനിയാണ് ഇത് നിർമിച്ചതെന്ന് തായ്‍വാൻ കമ്പനി പ്രതികരിച്ചു.

പൊട്ടിത്തെറിച്ച പേജറുകളിൽ നിർമാണ ഘട്ടത്തിൽതന്നെ മൂന്ന് ഗ്രാം സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. ബാറ്ററിക്കുള്ളിലാണ് സ്ഫോടക വസ്തു ഒളിപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രത്യേക സന്ദേശം അയച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലെ ഓപറേഷന് പിന്നിൽ ചുരുങ്ങിയത് മൂന്നുമാസ​ത്തെ ആസൂത്രണമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ നേർക്കാണ് സംശയമുന നീളുന്നത്. ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച ഹിസ്ബുല്ല ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എന്നിൽ പരാതി നൽകുമെന്ന് ലബനാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Walkie-talkie outbreak in Lebanon; The death toll is 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.