യുദ്ധം വിചാരിച്ചതുപോലെ തന്നെ പുരോഗമിക്കുന്നെന്ന് പുടിൻ; വെള്ളവും വൈദ്യുതിയുമില്ലാതെ വലഞ്ഞ് മരിയുപോൾ

മോസ്കോ: യുക്രെയ്നിലെ റഷ്യൻ ആക്രമണം ആസൂത്രണം ചെയ്തതുപോലെ തന്നെ പുരോഗമിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ. 'യുക്രെയ്നിലെ സൈനിക നീക്കം ആസൂത്രണം ചെയ്തതുപോലെ തന്നെ പുരോഗമിക്കുകയാണ്. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. എല്ലാ നീക്കങ്ങളും വിജയകരമായി തന്നെ നടപ്പായിട്ടുണ്ട്' -ഔദ്യോഗിക ടെലിവിഷനിലെ സെക്യൂരിറ്റി കൗൺസിൽ പ്രക്ഷേപണത്തിൽ പുടിൻ പറഞ്ഞു.

അതേസമയം, റഷ്യൻ അതിർത്തിയോട് അടുത്തുള്ള മരിയുപോളിൽ വൈദ്യുതിയും വെള്ളവുമില്ലാതെ ജനം വലയുകയാണ്. രാപകൽ വ്യത്യാസമില്ലാത്ത ഷെല്ലിങ് ആണ് മരിയുപോളിൽ നടക്കുന്നത്. നാലുഭാഗവും റഷ്യൻ സൈന്യം വളഞ്ഞ ഇവിടെ കൊടിയ തണുപ്പിൽ ഹീറ്ററുകൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതിയില്ലാതെ ജനം കഷ്ടപ്പെടുകയാണ്. തെക്കുകിഴക്കൻ യുക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോളിൽ റഷ്യ ഉപരാധം കടുപ്പിച്ചതിനാൽ പലായനം ചെയ്യാൻ പോലും കഴിയാതെ വിഷമിക്കുകയാണ് പ്രദേശവാസികൾ.

മരിയുപോളിലേതുപോലുള്ള ആക്രമണം മറ്റ് നഗരങ്ങളിലേക്കും ഉടൻ വ്യാപിപ്പിക്കുമെന്ന സൂചനയാണ് എല്ലാം നിശ്ചയിച്ച പടി മുന്നോട്ടുപോകുകയാണെന്ന പുടിന്റെ വാക്കുകളിലുള്ളത്. സൈനിക നടപടി തുടരുമെന്നും ഏറ്റവും മോശമായത് ഇനിയും വരാനിരിക്കുന്നതേയുള്ളൂയെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. തെക്കൻ നഗരമായ ഖെർസോൺ റഷ്യ വ്യാഴാഴ്ച പൂർണമായും പിടിച്ചടക്കിയിരുന്നു. 

Tags:    
News Summary - War going 'according to plan', says Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.