ബൈറൂത്ത്: നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തിയെന്നും അയാളുടെ സമയമെത്താത്തതിനാലാവാം അതിജീവിച്ചതെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം. ‘ഒരുപക്ഷേ ഒരു ഇസ്രായേലി തന്നെ അയാളെ കൊല്ലും, ചിലപ്പോൾ ഏതെങ്കിലും പ്രസംഗത്തിനിടെയാകും കൊല്ലപ്പെടുന്നത്’ -ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏതാനും ദിവസം മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ സൂചിപ്പിച്ചായിരുന്നു നഈം ഖാസിമിന്റെ പ്രസംഗം. “നമ്മുടെ ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും നേരെ ബോംബാക്രമണം നടത്തുന്നത് ഒരിക്കലും നമ്മെ പിന്തിരിപ്പിക്കില്ലെന്ന് ശത്രു മനസ്സിലാക്കണം. നമ്മുടെ പ്രതിരോധം ശക്തമാണ്. നെതന്യാഹുവിന്റെ കിടപ്പുമുറിയിലേക്ക് ഡ്രോൺ അയക്കാൻ വരെ നമുക്ക് കഴിഞ്ഞു. ഞങ്ങൾ നെതന്യാഹുവിനെ ലക്ഷ്യമിടുന്നു എന്നത് അയാളെ ഏറെ ഭീതിയിലാക്കിയതായി നമ്മുടെ നയതന്ത്ര കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.
‘ഭാരിച്ച ഉത്തരവാദിത്തവും വിശ്വാസവും എന്നിൽ ഏൽപിച്ചതിന് ഹിസ്ബുല്ലയോട് ഞാൻ നന്ദി പറയുന്നു. നമ്മുടെ സെക്രട്ടറി ജനറലിനെ കൊലപ്പെടുത്തിയവർ നമ്മുടെ ഉള്ളിലെ ചെറുത്തുനിൽപ്പിനെ പരാജയപ്പെടുത്താനും ധർമസമരത്തിനുള്ള ആഗ്രഹത്തെ തകർക്കാനും ആഗ്രഹിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ രക്തം നമ്മുടെ സിരകളിൽ തിളച്ചുകൊണ്ടേയിരിക്കും, ഈ പാതയിൽ അടിയുറച്ച് നിൽക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വർധിപ്പിക്കും. വെടിനിർത്താൻ ഹിസ്ബുല്ല ആവശ്യപ്പെടില്ല. ശത്രു യുദ്ധം നിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, വെടിനിർത്തൽ വ്യവസ്ഥകൾ ഞങ്ങൾക്ക് അനുയോജ്യമാണെങ്കിൽ ഞങ്ങൾ അംഗീകരിക്കും. ഏത് പരിഹാരവും ചർച്ചകളിലൂടെയായിരിക്കും’ - അദ്ദേഹം വ്യക്തമാക്കി.
ലബനാന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ഹിസ്ബുല്ല ഇസ്രായേലുമായി യുദ്ധം ചെയ്യുന്നതെന്നും ഒരു വിദേശ സ്വാധീനത്തിന്റെ പേരിലല്ലെന്നും അദ്ദേഹം വ്യകതമാക്കി. നിങ്ങളുടെ ത്യാഗങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കുമെന്നും അൽപം കൂടി ക്ഷമ കൈക്കൊള്ളണമെന്നും ലബനാനിലെ ഹിസ്ബുല്ല അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പുതിയ സെക്രട്ടറി ജനറൽ പറഞ്ഞു.
‘ഇസ്രായേലുമായുള്ള യുദ്ധത്തിൽ അന്തിമ വിജയം ഞങ്ങൾക്കായിരിക്കും. ഒരു സഹോദരനെപ്പോലെയായിരുന്നു ഹസൻ നസ്‌റുല്ല. അദ്ദേഹം തുടങ്ങി വെച്ച പ്രവർത്തനങ്ങൾ ഹിസ്ബുല്ല തുടരും. ഗസ്സയെ സഹായിക്കുക എന്നത് ഞങ്ങളുടെ കടമയാണ്. ഇസ്രായേൽ ഭീഷണിയെ ഞങ്ങൾ പ്രതിരോധിക്കും. മുമ്പ് ഇസ്രായേൽ ലബനാനെ ആക്രമിച്ചപ്പോൾ അവരെ തുരത്തിയത് ഹിസ്ബുല്ലയും സൈന്യവും ലബനാൻ ജനതയും ചേർന്നാണ്. അല്ലാതെ അന്താരാഷ്ട്ര പ്രമേയങ്ങളല്ല. കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നുമായി 39,000 ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയിട്ടുണ്ട്. അവർ നിയമങ്ങൾ അനുസരിക്കുന്നവരല്ല. പ്രതിരോധിക്കാൻ അവരാണ് ഞങ്ങളെ പ്രേരിപ്പിച്ചത്. ലബനാൻ മണ്ണിൽ കുടിയേറാൻ ഇസ്രായേൽ പദ്ധതിയിടുന്നുണ്ട്. എന്നാൽ, അവരെ പുറത്താക്കാൻ ഞങ്ങൾക്ക് കഴിയും. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. അല്ലാതെ, ഞങ്ങൾ ആരുടെയും പ്രേരണയാലല്ല പോരാടുന്നത്. ഇറാൻ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. മറ്റേതെങ്കിലും അറബ്, ഇസ്‍ലാമിക രാജ്യങ്ങൾ ഇസ്രായേലിനെ നേരിടാൻ ഞങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അതിനെയും സ്വാഗതം ചെയ്യും. ചെറുത്തുനിൽപ്പിനെതിരായ ആഗോള യുദ്ധമാണ് അവർ നടത്തുന്നത്. ലബനാനിലും ഗസ്സയിലും മാത്രമായി പരിമിതമല്ല. ഇത്തരമൊരു യുദ്ധത്തെയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്. അന്തിമ വിജയം ഞങ്ങൾക്കൊപ്പമാണ്’ -അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.