ഒട്ടാവ: കാനഡയിലെ ഒന്‍റാരിയോയില്‍ കുടുംബത്തിലെ നാലു പേരെ വംശീയ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മുസ്ലിം ആയതുകൊണ്ടാണ് അവരെ ലക്ഷ്യമിട്ടതെന്ന പൊലീസ് കണ്ടെത്തലിന് പിന്നാലെയാണ് ട്രൂഡോ അപലപിച്ച് രംഗത്തെത്തിയത്.
''ഒന്‍റാരിയോയിലെ ലണ്ടനിൽ നിന്നുള്ള വാർത്തകൾ എന്നെ ഭയപ്പെടുത്തുന്നു. ഇന്നലത്തെ വിദ്വേഷ പ്രവർത്തിയാൽ പരിഭ്രാന്തരായവരുടെ പ്രിയപ്പെട്ടവരേ, നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്. ആശുപത്രിയിൽ കഴിയുന്ന കുട്ടിക്കുവേണ്ടിയും ഞങ്ങൾ ഇവിടെയുണ്ട് . ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ സുഖം പ്രാപിക്കുമ്പോളും നിങ്ങൾ ഞങ്ങളുടെ ചിന്തകളിലായിരിക്കും.
ലണ്ടനിലെ മുസ്‌ലിം സമൂഹത്തോടൊപ്പവും രാജ്യത്തുടനീളമുള്ള മുസ്‌ലിംകളോടൊപ്പവും ഞങ്ങൾ നിൽക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇസ്ലാമോഫോബിയയ്ക്ക് സ്ഥാനമില്ല. ഈ വിദ്വേഷം വഞ്ചനാപരവും നിന്ദ്യവുമാണ് - ഇത് നിർബന്ധമായും അവസാനിപ്പിക്കണം'' -ട്രൂഡോ പറഞ്ഞു.
20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനാണ് വംശീയ ആക്രമണത്തിലെ പ്രതി. നാലുപേരെ ഇടിച്ചിട്ട ശേഷം സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാന്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നതായി പൊലീസ് പറയുന്നു.
'ഇത് ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ ആക്രമണമായിരുന്നു എന്നതിന് തെളിവുകളുണ്ട്. വിദ്വേഷത്താലാണ് ഇങ്ങനെ ചെയ്തത്. മുസ്ലിം ആയതുകൊണ്ടാണ് അവരെ ലക്ഷ്യമിട്ടതെന്ന് കരുതുന്നു -ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വൈറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒന്റാരിയോയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ലണ്ടനില്‍ ഞായാറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. കുടുംബം റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു കറുപ്പ് നിറത്തിലുള്ള പിക്ക് അപ് ട്രക്ക് പാഞ്ഞെത്തിയത്. 74 ഉം 44ഉം വയസ്സുകാരായ സ്ത്രീകളും 46കാരനും 15കാരി പെണ്‍കുട്ടിയുമാണ് മരിച്ചത്.
ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ പരിക്കേറ്റ ഒമ്പത് വയസ്സുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.