ഗസ്സ: വടക്കൻ ഗസ്സയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ഗീബർസിയൂസ്. സഹായമെത്തിക്കാനുള്ള അനുമതിക്കായി സമർപ്പിച്ച അപേക്ഷ അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സക്ക് വേണ്ടിയുള്ള സാധനങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. എന്നാൽ പ്രദേശത്തേക്ക് പോകാൻ ഞങ്ങൾക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ അനുമതി നൽകാത്തതിനാൽ ഗസ്സയിൽ സഹായമെത്തിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ആറോളം മിഷനുകൾ റദ്ദാക്കിയിരുന്നു. വാഹനങ്ങൾക്ക് സുരക്ഷിതപാതയൊരുക്കണമെന്ന ആവശ്യത്തോട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബർ 26ന് ശേഷം വടക്കൻ ഗസ്സയിൽ സഹായമെത്തിക്കാൻ ലോകാരോഗ്യസംഘടനക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളുടെ പ്രവർത്തനത്തിനും ഗസ്സയിൽ പ്രതിസന്ധി നേരിടുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അൽ-അഖ്സ, നസീർ, ഗസ യുറോപ്യൻ ആശുപത്രികൾ തുടങ്ങിയവ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. മുമ്പ് 36 ആശുപത്രികളുണ്ടായിരുന്ന സ്ഥാനത്ത് ഗസ്സയിൽ 15 എണ്ണം മാത്രമാണ് ഇപ്പോൾ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഫലസ്തീനി വംശഹത്യക്കെതിരായ കേസിൽ ഇന്ന് അന്താരാഷ്ട്ര കോടതി വാദം കേൾക്കും. ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ വാദം കേൾക്കുക. ഇസ്രായേൽ ഒപ്പുവെച്ച 1948ലെ വംശഹത്യ ചട്ടങ്ങൾ ഇസ്രായേൽ ലംഘിച്ചെന്നും പതിനായിരക്കണക്കിന് സിവിലിയന്മാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
ഭക്ഷണം, വെള്ളം, ആതുരശുശ്രൂഷ എന്നിവ മുടക്കിയത് ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ ലക്ഷ്യമിട്ടാണെന്നും ബിന്യമിൻ നെതന്യാഹുവടക്കം ഇസ്രായേൽ മന്ത്രിമാരുടെ വംശഹത്യ അനുകൂല പ്രസ്താവനകൾ ഇതിന് തെളിവാണെന്നും ദക്ഷിണാഫ്രിക്ക നൽകിയ കേസ് മുന്നോട്ടുവെക്കുന്നു.
അന്തിമ വിധി വരാൻ വർഷങ്ങളെടുക്കാമെങ്കിലും അടിയന്തര വെടിനിർത്തലിന് ഇടക്കാല ഉത്തരവ് വേണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നുണ്ട്. വംശഹത്യ നടത്തിയെന്നു മാത്രമല്ല, അതിന് പ്രേരണ നൽകൽ, വംശഹത്യക്ക് ശ്രമിച്ചവരെ ശിക്ഷിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളും ഇസ്രായേൽ നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.