അഴിമതിക്കാരായ അഷ്റഫ് ഗനി സർക്കാർ താലിബാന് അഫ്ഗാനിസ്ഥാനെ അനായാസം കൈമാറുകയായിരുന്നെന്ന് മുൻ അംബാസിഡർ. ജൂലൈയിൽ സ്ഥാനമൊഴിഞ്ഞ അമേരിക്കയിലെ അഫ്ഗാൻ അംബാസിഡർ റോയ റഹ്മാനിയാണ് ആരോപണം ഉന്നയിച്ചത്. കാബൂളിലെ അമേരിക്കൻ പിന്തുണയുള്ള സർക്കാർ രാജ്യത്തെ നയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വ്യാപകമായ അഴിമതിയാണ് താലിബാെൻറ വിജയത്തിന് വഴിയൊരുക്കിയതെന്നും റഹ്മാനി കുറ്റപ്പെടുത്തി.
താലിബാെൻറ വരവിനെ താൻ ഭീതിയോടെയാണ് കാണുന്നതെന്നും ഇൗ വിജയം വളരെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു. താലിബാെൻറ വരവ് മേഖലയിലെ രാഷ്ട്രീയ ഭൂപടത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അവർ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. 'താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിലും അവർ അത് ഇത്ര വേഗത്തിൽ ചെയ്തതിലും ഞാൻ ആശ്ചര്യപ്പെടുന്നില്ല. അഫ്ഗാൻ സർക്കാരിനെ നേതൃത്വത്തിെൻറ അഭാവം അലട്ടിയിരുന്നു'-റഹ്മാനി പറഞ്ഞു.
'അഫ്ഗാൻ സേനയല്ല ഒന്നിനും ഉത്തരവാദി. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനും വേണ്ടി പോരാടാൻ രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. നേതൃത്വമാണ് അഴിമതി നടത്തിയത്. അവർ താലിബാന് രാജ്യം അനായാസം കൈമാറുകയായിരുന്നു'-അവർ പറഞ്ഞു.
പ്രസിഡൻറ് സ്ഥാനം ഉപേക്ഷിച്ച് ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാൻ വിടാനുള്ള അഷ്റഫ് ഗനിയുടെ തീരുമാനം 'അങ്ങേയറ്റം നിരാശാജനകവും ലജ്ജാകരവുമാണെന്നും' അവർ പറഞ്ഞു.രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആഗ്രഹിച്ചതിനാലാണ് താൻ നാടുവിട്ടതെന്ന് ഗനി ബുധനാഴ്ച പറഞ്ഞിരുന്നു. പുറത്തുപോകുമ്പോൾ ദശലക്ഷക്കണക്കിന് ഡോളർ മോഷ്ടിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. 'കാബൂൾ വിടുന്നത് എെൻറ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു'എന്നും ഗനി പറഞ്ഞു.
43 വയസ്സുള്ള റോയ റഹ്മാനി മൂന്ന് വർഷം അമേരിക്കയിലെ അഫ്ഗാൻ അംബാസഡർ ആയിരുന്നു. ഇൗ ജൂലൈയിലാണ് അവർ സ്ഥാനമൊഴിഞ്ഞത്. പുതിയ മാറ്റത്തിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കുക പാക്കിസ്ഥാൻ ആയിരിക്കുമെന്ന് അവർ പറഞ്ഞു.'അമേരിക്ക ഒരു പുതിയ പാകിസ്ഥാനെ അഭിമുഖീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യ, ചൈന, തുർക്കി എന്നിവിടങ്ങളിലും താലിബാെൻറ വരവ് പ്രകമ്പനങ്ങളുണ്ടാക്കും'
കഴിഞ്ഞ തവണ താലിബാൻ അഫ്ഗാനിസ്ഥാൻ ഭരിച്ചപ്പോൾ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. സ്ത്രീകളെ ജോലിയിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പ്രഖ്യാപിച്ച താലിബാൻ സർക്കാറിലെ പദവികളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കാനുള്ള തീരുമാനം സ്ത്രീകൾക്ക് ഇരുണ്ട കാലം വരാനിടയുണ്ടെന്നതിെൻറ തെളിവാണെന്നും റഹ്മാനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.