2020ൽ ലോകം മുഴുവൻ നിശ്ചലമാക്കിയ കൊറോണ വൈറസ് ബാധ ഭീതി ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. മനുഷ്യരിൽനിന്ന് മൃഗശാലയിലെയും മറ്റും മൃഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വനങ്ങളിൽ കഴിയുന്ന മൃഗങ്ങൾക്ക് രോഗബാധയുണ്ടായോ എന്ന കാര്യം വ്യക്തമല്ലായിരുന്നു. എന്നാൽ യു.എസിൽ നടത്തിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യു.എസ് സംസ്ഥാനമായ ഐയവയിൽ നടത്തിയ പഠനത്തിൽ നൂറിലധികം വെള്ള വാലുള്ള മാനുകളിൽ കൊറോണ വൈറസ് ബാധ കണ്ടെത്തി. മനുഷ്യരിൽനിന്നാകാം രോഗബാധ പടർന്നതെന്നാണ് സംശയം. പിന്നീട് ഒരു മാനിൽനിന്ന് മറ്റു മാനുകളിലേക്ക് പടർന്നതായുമാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
2020 നവംബർ മുതൽ 2021 ജനുവരി വരെ സംസ്ഥാനത്തുനിന്ന് ശേഖരിച്ച മാനുകളുടെ സാമ്പിളുകളിൽ 80 ശതമാനത്തിനും രോഗബാധ കണ്ടെത്തി.
മനുഷ്യരിൽനിന്ന് മാനുകളിലേക്ക് രോഗബാധ പടർന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും പുതിയ കണ്ടെത്തൽ ആശങ്കാജനകമാണെന്നും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. മാനുകളിൽനിന്ന് മനുഷ്യരിലേക്ക് തിരിച്ച് രോഗബാധ ബാധിക്കുമെന്നതിനും തെളിവുകളില്ലെന്നും അവർ പറയുന്നു.
വടക്കേ അമേരിക്കയുടെ പ്രദേശങ്ങളിൽ വ്യാപകമായി കാണുന്ന മാനുകളിൽ രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. രോഗബാധ നിയന്ത്രിക്കുന്നതിൽ ഇത് തടസങ്ങൾ സൃഷ്ടിച്ചേക്കും. കൂടാതെ സമീപപ്രദേശങ്ങളിലെ കൂടുതൽ മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗബാധ പടർന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റുമെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർക്കുന്നു.
പഠന റിപ്പോർട്ട് ഇതുവരെ േജർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ പഠന റിപ്പോർട്ടിൽ കണ്ടെത്തിയ കാര്യം പെൻ സ്റ്റേറ്റ് സർവകലാശാലയിലെ ശാസ്ത്രജ്ഞരും വന്യജീവി ഉദ്യോഗസ്ഥരും പുറംലോകത്തെ അറിയിക്കുകയായിരുന്നു. വേട്ടക്കാർക്കും മാനുകളെ പരിപാലിക്കുന്നവർക്കും മുന്നറിയിപ്പ് നൽകുന്നതിനായിരുന്നു ഇത്.
2021 ജനുവരി മുതൽ മാർച്ച് വരെ മിഷിഗൺ, പെൻസിൽവാനിയ, ഇല്ലിനോയിസ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിൽ 40 ശതമാനം മാനുകളിൽ കൊറോണ വൈറസ് ആന്‍റിബോഡി കണ്ടെത്തിയിരുന്നു. എന്നാൽ ഐയവയിൽ നടത്തിയ പഠനത്തിൽ 80 ശതമാനം മാനുകൾക്കും വൈറസ് ബാധ കണ്ടെത്തിയതാണ് ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തുന്നത്.
80 ശതമാനം മാനുകളിലും രോഗബാധ കണ്ടെത്തിയതോടെ ഇവ വൈറസ് വാഹകരായി പ്രവർത്തിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. നേരത്തേ മനുഷ്യരിൽനിന്ന് വളർത്തുപൂച്ച, നായ്ക്കൾ, മൃഗശാലയിലെ മൃഗങ്ങൾ തുടങ്ങിയവക്ക് രോഗം പടർന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഇവ കൂടുതൽ മൃഗങ്ങളിലേക്ക് പടർന്നുപിടിച്ചിരുന്നില്ല.
കാനഡ മുതൽ തെക്കേ അമേരിക്ക വരെ വ്യാപിച്ചുകിടക്കുന്ന മേഖലകളിൽ ഏറ്റവും കൂടുതലുളളവയാണ് വൈറ്റ് ടെയിൽഡ് മാനുകൾ. രണ്ടുമുതൽ 12വരെ അംഗങ്ങളുള്ള കുടുംബങ്ങളായാണ് ഇവയുടെ വാസം. നഗരങ്ങളിലും വനപ്രദേശങ്ങളിലും ഇവക്ക് ജീവിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.